2018, ഒക്‌ടോബർ 27, ശനിയാഴ്‌ച

നാം രണ്ടു യുഗങ്ങൾക്കിപ്പുറം,
അല്ലെങ്കിൽ ഒരുവേള രണ്ടു ജന്മങ്ങൾക്കിപ്പുറം,
എന്തിനു കേവലം രണ്ടു ശതകങ്ങൾക്കിപ്പുറം,
നമ്മേ അറിഞ്ഞിരുന്നെങ്കിൽ,
അലിഞ്ഞുപോകുമായിരുന്നതല്ലയോ
ഇന്നു നമ്മേ പൊതിയുന്നൊരീ നിശ്ശബ്ദതതകളെല്ലാം!

ഒന്നു തൊട്ടാൽ നിന്നിലേക്കെത്തുന്ന ദൂരത്തു
ഞാനിരിപ്പെങ്കിലും,
ഏതോ മഞ്ഞലയിൽ കരുങ്ങിയെൻ തോന്നലുകൾ
നിന്നേ വലംവച്ചു പോയതല്ലാതെ,
അറിഞ്ഞതില്ല നീ, ഞാനോ ആവിമൂകതയിൽ
വീണില്ലാതെയായി!

സമയങ്ങളീണങ്ങളായിരുന്നു പണ്ടെങ്കി-
ലിന്നവ കേവലം പറവകൾക്കു,
വിഹായസ്സു  മാത്രമായി!
ഇന്നു നാം വഴികൾ പിരിയവേ, സഹയാത്രി,
നിന്നോടുഞാനെന്തു പറയേണ്ടു!
ഉള്ളിലേക്കെടുത്ത അവസാന പ്രണവായുവും
നിന്നോർമയിൽ മാത്രമായിരുന്നുവെന്നല്ലാതെ!
സഹയാത്രി, ഇനി നിന്നോടു ഞാനെന്തു പറയേണ്ടു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ