2017, ജനുവരി 22, ഞായറാഴ്‌ച

നീണ്ടു നീണ്ടൊരു വഴിയാണതിനു പറ്റെ
ഞൊറിഞ്ഞുടുത്ത പോലെ കാറ്റാടി മരങ്ങളും..
കടും തവിട്ടു ഭംഗിയിൽ ചരലിട്ട മുറ്റവും
ദൂരെ ഒരുപൊട്ടുപോലെ ഒരു കുഞ്ഞുവീടും.
കൊതിയൂറിവരും പോലെ കായ്ച്ച  നീർചാമ്പ മരവും,
ഓളങ്ങളിൽ മുഖംചേർത്തൊരു  ഇലഞ്ഞിയും കവുങ്ങും.
നിറഞ്ഞ പുലരികളും,
ചക്കരകാപ്പിയുടെ മധുരവും,
കണ്ണാടി കിണറും
പാതിയിൽ മറന്ന ഉമിക്കരി വെളുപ്പും
സിരകളിൽ പൊതിയും പുഴയുടെ തണുപ്പും.
നിരയെണ്ണിയ വരമ്പും,
നിഴലായി നടന്ന കൂട്ടരും കുറുമ്പും,
മാമ്പഴ പുളിയിൽ മറന്ന നീറ്റലും നീറും..
ചുവന്ന സന്ധ്യയും നിലവിളക്കിന്റ ശോഭയും
ഇടമുറിഞ്ഞൊരീണമായി
സന്ധ്യാ നാമവും.
ചുട്ടപപ്പടവും കണ്ണിമാങ്ങാചമ്മന്തിയും
നെയ്യൂട്ടി തന്ന കഥയും കിനാക്കളും,
കൈതപ്പായയിലുറങ്ങിയ കുഞ്ഞു ശാഠ്യങ്ങളും..
പാട്ടുമറന്നൊരു കുയിലും
കൂകികുറുകിയ ബാല്യവും..
വെള്ളപ്പൊക്കത്തിലൊഴുകിയ
ചങ്ങാടക്കൊതിയും..
പെയ്തുതോർന്ന മഴയും
ഇലകൾ പെയ്യുന്ന രാവും
നനവു മറാതെ,
ഈയോർമ്മയും ഞാനും  !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ