2014, മാർച്ച് 17, തിങ്കളാഴ്‌ച

അയാൾ


ഉയർന്നു നിൽക്കുന്നോരില്ലി കാടിന്റെ മധ്യത്തിൽ
പരന്ന പാറ പ്രതലത്തിലലസനായ്,
മെലിഞ്ഞു ശുഷ്കിച്ച കൈകൾ വിരിച്ചിട്ടു
തളർന്നതെങ്കിലും, തെളിഞ്ഞ കണ്ണുകളുയർത്തി
വിണ്ണിലെ വിസ്മയങ്ങൾ നുകരുകയാണയാൾ..

വിശപ്പ്‌ വേണ്ടെന്നുവച്ച ശരീരത്തിൽ,
തുടിപ്പ് ബാക്കിയുണ്ടെന്നുടുക്കുകൊട്ടി
അനാരതം മിടിക്കുന്നുണ്ടാ,
വിഷപ്പുകയേറ്റു ക്ഷയിച്ച നെഞ്ചം..

പടർന്നുകത്തി എരിഞ്ഞടങ്ങിയ പ്രത്യയശാസ്ത്രത്തി
നൊരുനാൾ ഞെരിഞ്ഞിലായതാണാ ഹൃദയം..
ചുവന്ന രക്തത്തിലലിഞ്ഞു  കാലം മായ്ചിട്ടുമതു,
പുതിയ വിശ്വാസത്തെ പുൽകാൻ മടിച്ചുനിൽപ്പൂ..

പഴമകൾ കാലം ചെയ്തൊരു നാട്ടിൽ,
പഴയൊരു പരുത്തിക്കുപ്പായമിട്ടു , നീണ്ടൊരു തോൾസഞ്ചിയി
ലിനിയും പകൽവെളിച്ചം കാണാത്ത, ചിന്തകളുമായി
പടികൾ കയറിയിറങ്ങാറുണ്ടയാൾ,
പലരുടേയും പരിഹാസത്തിന്നു പാത്രമായി ..

പകുത്തു നൽകുവാൻ ജീവിതമില്ലാതെ, പെരുകിയ
വിഷമവൃത്തത്തിനുള്ളിൽ, അസ്ഥിയിൽവേരിട്ട
പ്രണയത്തെ പോലും പടവെട്ടിനേടുവാനാകാ
തൊടുങ്ങിയ പരാജിതനാണയാൾ..

എങ്കിലും, മോഹങ്ങൾ കൂടുപേക്ഷിച്ചു പോയൊരാ
ചില്ലയുംപേറി, വ്യർഥ വിചാരക്കുരുന്നുകളെ
കൂട്ടിനുചേർത്തു, ഉച്ചിയിലുഷ്ണം കൂടുന്ന നേരത്തെ
ത്തുമയാളീയില്ലിക്കാടിന്നടുവിൽ..

തല്ലിക്കെടുത്തിയ സർഗശക്തികളെത്തേടി
ഉൾക്കാമ്പ് ഗഗന സഞ്ചാരം നടത്തവേ,
ചുറ്റും പരക്കുന്ന ത്രിഷ്ണകളെ തട്ടിമാറ്റുവാ-
നൊരൊറ്റയാൻ കാറ്റപ്പോളയാളെ വീശ്ശിക്കടന്നേപോയി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ