വസന്തങ്ങൾ പോയതറിയാതെ
ഇരുവശവും മെടഞ്ഞിട്ട തലമുടിയിൽ
നിറയേ, അതിരാവിലെ കൊരുത്തുവച്ച മുല്ലമലർമാല,
കറുത്തുചായം പോയ സ്ലൈഡ്ൽ തിരുകി,
സ്വപ്‌നങ്ങൾ വരണ്ടുണങ്ങിയ കണ്ണിൽ
ഒരൽപം പ്രതീക്ഷയുടെ നാളം തെളിയിച്ചു
അമ്മ മെല്ലെ പറയുമായിരുന്നു..
എൻറെ മോൾ മിടുക്കിയായി..!
വിശുദ്ധരുടെ ഛായാ പടത്തിനു താഴെ
പഴയ കീർത്തന പുസ്തകത്താളിൽനിന്നു
കാണാ മറയത്തെങ്ങോ ഇരിക്കുന്ന
സർവ്വസൃഷ്ടിക്കും കാരണമായവനെ
മനസറിഞ്ഞു സ്തുതിക്കുമ്പോഴും
അമ്മയുടെ മനസ്സു പ്രാർഥിച്ചതു
മകളുടെ നന്മകൾക്ക് വേണ്ടിയായിരുന്നു
നിറംമങ്ങി തുടങ്ങിയ പഴയ സാരിയിൽ
യൗവനതൃഷ്ണകൾക്കൊക്കെ ഇരിക്കപിണ്ടം വച്ച്
പൊള്ളുന്നവെയിലിലും തളരാതെ, ഭാരവുംപേറി
മുന്നോട്ടാഞ്ഞു നടന്നതും, മകളുടെ
മുഖത്തു വിരിയുന്ന നിറഞ്ഞ ചിരികൾക്കു വേണ്ടിയായിരുന്നു..
കാലമാവാതെ വന്ന വെള്ളിരേഖകൾക്കും
കണ്ണുകൾക്കടിയിലെ കറുത്ത ഛവിക്കും
സന്ധിവേദനയ്ക്കുമൊന്നും അമ്മയുടെ
പ്രയത്നങ്ങൾക്കു തടയിടാനായില്ല..
ഉള്ളിലപ്പോഴും കരുത്തായിനിന്നത് മകളുടെ
നിറമുള്ള ജീവിതചിത്രങ്ങളായിരുന്നു..
പലവട്ടം ഇടറിയകാലുകൾ വീണ്ടുമുറപ്പിച്ചും
വഴിതെറ്റിയെന്നു തോന്നുമ്പോഴൊക്കെയും
ഒരു പിൻവിളിപോലെ വന്നു തിരികെ വിളിച്ചും
മകൾക്കു വേണ്ടി വടവൃക്ഷമായമ്മ നിന്നു..
ജീവിതവസന്തങ്ങൾ വിടർന്നുകൊഴിയുന്നത്
നിർനിമേഷയായിനോക്കിന്നിന്ന അമ്മക്കിന്നു
നവമിയുടെ നിറവാണ്..
ചുളിവുകൾ വീണ ആ കൈത്തലം, ഇന്നും മകളുടെ
നിറുകയിൽ വാത്സല്യത്തിന്റെ തലോടലാവുമ്പോൾ..
നിറയുന്നത് മകളുടെ മനസാണ്..
ഈജന്മം ഈശ്വരൻ തന്ന ഏറ്റം വല്യഭാഗ്യം
അമ്മയാണെന്ന തിരിച്ചറിവിൽ.. !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ