2014, മാർച്ച് 9, ഞായറാഴ്‌ച



നിറം വാർന്നുപോകുമെൻ 
പ്രിയമോലുമോർമ്മകൾ
പകർത്തുവാൻ പുതിയൊരു 
നിറക്കൂട്ട്‌ തേടവേ
തെളിയുന്നു നീയൊരു 
ചെമ്പനീർ മുകുളമായി, 
മനസ്സിലെ
പൊടിമൂടിക്കിടന്നോരാ 
പഴയ ക്യാൻവാസിൽ..

വശ്യമനോജ്ഞമൊരുപുഞ്ചിരികൊണ്ടു 
നീയെന്നെ വീണ്ടും, 
താപിതഹൃദയപരിക്ഷീണിതനാക്കവേ
ഓമലേ, 
നഷ്ടപെടലുകളൊക്കെയെഴുന്നെൻറെ
ശിഷ്ടജന്മത്തെ വൃഥാ പഴിക്കുന്നു..

മുഗ്ധസങ്കല്പ്പനിറങ്ങളെടുത്തു 
ചിത്തത്തിൽ,
തട്ടിത്തൂവാതെനിന്നെ പൊതിയുവാൻ 
വെമ്പൽകൊണ്ടായവേ
പ്രജ്ഞയറ്റു, പ്രഹേളികയായി നീ !!

ഏതു നിറം കൊണ്ട് നിന്നെ നിറക്കട്ടെ- 
യിന്നൂറിവരും നോവിൻ 
ചെഞ്ചോരനിറമല്ലാതില്ല
നിന്നോർമ്മയിൽ ചാർത്തുവാൻ,
മറ്റൊരു ചയക്കൂട്ടുമെൻ കൈവശം..!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ