2014, മാർച്ച് 17, തിങ്കളാഴ്‌ച

അയാൾ


ഉയർന്നു നിൽക്കുന്നോരില്ലി കാടിന്റെ മധ്യത്തിൽ
പരന്ന പാറ പ്രതലത്തിലലസനായ്,
മെലിഞ്ഞു ശുഷ്കിച്ച കൈകൾ വിരിച്ചിട്ടു
തളർന്നതെങ്കിലും, തെളിഞ്ഞ കണ്ണുകളുയർത്തി
വിണ്ണിലെ വിസ്മയങ്ങൾ നുകരുകയാണയാൾ..

വിശപ്പ്‌ വേണ്ടെന്നുവച്ച ശരീരത്തിൽ,
തുടിപ്പ് ബാക്കിയുണ്ടെന്നുടുക്കുകൊട്ടി
അനാരതം മിടിക്കുന്നുണ്ടാ,
വിഷപ്പുകയേറ്റു ക്ഷയിച്ച നെഞ്ചം..

പടർന്നുകത്തി എരിഞ്ഞടങ്ങിയ പ്രത്യയശാസ്ത്രത്തി
നൊരുനാൾ ഞെരിഞ്ഞിലായതാണാ ഹൃദയം..
ചുവന്ന രക്തത്തിലലിഞ്ഞു  കാലം മായ്ചിട്ടുമതു,
പുതിയ വിശ്വാസത്തെ പുൽകാൻ മടിച്ചുനിൽപ്പൂ..

പഴമകൾ കാലം ചെയ്തൊരു നാട്ടിൽ,
പഴയൊരു പരുത്തിക്കുപ്പായമിട്ടു , നീണ്ടൊരു തോൾസഞ്ചിയി
ലിനിയും പകൽവെളിച്ചം കാണാത്ത, ചിന്തകളുമായി
പടികൾ കയറിയിറങ്ങാറുണ്ടയാൾ,
പലരുടേയും പരിഹാസത്തിന്നു പാത്രമായി ..

പകുത്തു നൽകുവാൻ ജീവിതമില്ലാതെ, പെരുകിയ
വിഷമവൃത്തത്തിനുള്ളിൽ, അസ്ഥിയിൽവേരിട്ട
പ്രണയത്തെ പോലും പടവെട്ടിനേടുവാനാകാ
തൊടുങ്ങിയ പരാജിതനാണയാൾ..

എങ്കിലും, മോഹങ്ങൾ കൂടുപേക്ഷിച്ചു പോയൊരാ
ചില്ലയുംപേറി, വ്യർഥ വിചാരക്കുരുന്നുകളെ
കൂട്ടിനുചേർത്തു, ഉച്ചിയിലുഷ്ണം കൂടുന്ന നേരത്തെ
ത്തുമയാളീയില്ലിക്കാടിന്നടുവിൽ..

തല്ലിക്കെടുത്തിയ സർഗശക്തികളെത്തേടി
ഉൾക്കാമ്പ് ഗഗന സഞ്ചാരം നടത്തവേ,
ചുറ്റും പരക്കുന്ന ത്രിഷ്ണകളെ തട്ടിമാറ്റുവാ-
നൊരൊറ്റയാൻ കാറ്റപ്പോളയാളെ വീശ്ശിക്കടന്നേപോയി..

2014, മാർച്ച് 13, വ്യാഴാഴ്‌ച

ദിഗന്ദം നടുങ്ങുന്ന ഉൾക്കാഴ്ചയിൽ
വാക്കുകൾ ഹൃദയത്തിൽ നിന്ന് വേർപെട്ടു
അവ നിന്റെ ചുറ്റും പറന്നു നടന്നു...
നിയോ, അനുഭൂതികളുടെ അതിപ്രസരത്തിൽ
ചിന്തകളെ മേയാൻ വിട്ടു..
അവ എൻറെ വാക്കുകളുടെ  ചിറകുകൾ
നിഷ്ടൂരമായി അടർത്തിയെടുത്തു..
നിശബ്ദതയുടെ അടിവാരതിലേക്കവ
നിലയറ്റു വീണു..
പൊട്ടിയ ഗദ്ഗദങ്ങളുടെ വിള്ളലിലൂടെ
ചിലത് നീർച്ചാലുകളായി എൻറെ
കണ്ണുകളിലൂടെയൊഴുകിയിറങ്ങി...
അവ്യക്തമാക്കപെട്ട വികാരങ്ങളിൽ തട്ടി അവ താഴേക്ക്‌ ചിതറി
അപ്പോഴും തുറക്കാൻ മടിച്ചു നിന്ന നിൻറെ മനസ്സിലെവിടെയോ
കറുത്ത മുഖമുള്ള യക്ഷൻമാർ
സുരപാനം നടത്തുകയായിരുന്നു..!!

2014, മാർച്ച് 9, ഞായറാഴ്‌ച

വിശുദ്ധൻ തന്റെ ഹൃദയം പിഴിഞ്ഞെടുത്ത്
കുരുടൻറെ കണ്ണുകളിലേക്കു ഊറ്റിയൊഴിച്ചു
അവന്റെ കണ്ണുകളിലെക്ക് കാഴ്ചയുടെ
നീലയും വെള്ളയും മഞ്ഞയും നിറങ്ങൾ
മാറി മാറി നിറഞ്ഞൊഴുകി..
കണ്ണുതുറന്ന അവൻ, പിടയുന്ന വിശുദ്ധൻറെ
വെള്ളയങ്കിയിൽ രക്തക്കറ തുടച്ചു..
അവൻറെ മെതിയടി സ്വന്തം കാലുകളിൽ ധരിച്ചു
തിരിഞ്ഞു നോക്കാൻ മെനക്കെടാതെയവൻ നടന്നു..
വഴിയിലെ പച്ചമാംസത്തിന്റെ മണം
അവൻറെ നാസദ്വാരം വിടർത്തി
ആർത്തിയോടെ അവനതെടുത് പിച്ചിചീന്തി
നശിപ്പിച്ചതിന്റെ ആനന്ദം അവനട്ടഹസിച്ചു തീർത്തു
ക്ലാവുപിടിച്ച നാണയതുട്ടുകൾ നിരത്തി
അവൻ ലോകത്തിനു വിലപറഞ്ഞു
അകലെയപ്പോൾ ,വിശുദ്ധന്റെ ഉള്ളം കയ്യിലെ ആണികൾ
ആകാശത്തേക്ക് തെറിച്ചുയർന്നു..
മദംപൊട്ടിയവന്റെ കണ്ണുകളിലെക്കവ ആഞ്ഞു തറച്ചു
പൊട്ടിയൊലിക്കുന്ന കണ്ണുമായി കുരുടൻ വിശുദ്ധനെ തേടിയലഞ്ഞു
ഊറ്റിയെടുക്കപ്പെട്ട ഹൃദയരക്തം, അപ്പോൾ വിശുദ്ധന്റെ
കണ്ണുകളിൽ നിന്ന് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു...


നിറം വാർന്നുപോകുമെൻ 
പ്രിയമോലുമോർമ്മകൾ
പകർത്തുവാൻ പുതിയൊരു 
നിറക്കൂട്ട്‌ തേടവേ
തെളിയുന്നു നീയൊരു 
ചെമ്പനീർ മുകുളമായി, 
മനസ്സിലെ
പൊടിമൂടിക്കിടന്നോരാ 
പഴയ ക്യാൻവാസിൽ..

വശ്യമനോജ്ഞമൊരുപുഞ്ചിരികൊണ്ടു 
നീയെന്നെ വീണ്ടും, 
താപിതഹൃദയപരിക്ഷീണിതനാക്കവേ
ഓമലേ, 
നഷ്ടപെടലുകളൊക്കെയെഴുന്നെൻറെ
ശിഷ്ടജന്മത്തെ വൃഥാ പഴിക്കുന്നു..

മുഗ്ധസങ്കല്പ്പനിറങ്ങളെടുത്തു 
ചിത്തത്തിൽ,
തട്ടിത്തൂവാതെനിന്നെ പൊതിയുവാൻ 
വെമ്പൽകൊണ്ടായവേ
പ്രജ്ഞയറ്റു, പ്രഹേളികയായി നീ !!

ഏതു നിറം കൊണ്ട് നിന്നെ നിറക്കട്ടെ- 
യിന്നൂറിവരും നോവിൻ 
ചെഞ്ചോരനിറമല്ലാതില്ല
നിന്നോർമ്മയിൽ ചാർത്തുവാൻ,
മറ്റൊരു ചയക്കൂട്ടുമെൻ കൈവശം..!


2014, മാർച്ച് 7, വെള്ളിയാഴ്‌ച

വസന്തങ്ങൾ പോയതറിയാതെ


ഇരുവശവും മെടഞ്ഞിട്ട തലമുടിയിൽ
നിറയേ, അതിരാവിലെ കൊരുത്തുവച്ച മുല്ലമലർമാല,
കറുത്തുചായം പോയ സ്ലൈഡ്ൽ തിരുകി,
സ്വപ്‌നങ്ങൾ വരണ്ടുണങ്ങിയ കണ്ണിൽ
ഒരൽപം പ്രതീക്ഷയുടെ നാളം തെളിയിച്ചു
അമ്മ മെല്ലെ പറയുമായിരുന്നു..
എൻറെ മോൾ മിടുക്കിയായി..!

വിശുദ്ധരുടെ ഛായാ പടത്തിനു താഴെ
പഴയ കീർത്തന പുസ്തകത്താളിൽനിന്നു  
കാണാ മറയത്തെങ്ങോ ഇരിക്കുന്ന
സർവ്വസൃഷ്ടിക്കും കാരണമായവനെ
മനസറിഞ്ഞു സ്തുതിക്കുമ്പോഴും
അമ്മയുടെ മനസ്സു പ്രാർഥിച്ചതു
മകളുടെ നന്മകൾക്ക്‌ വേണ്ടിയായിരുന്നു

നിറംമങ്ങി തുടങ്ങിയ പഴയ സാരിയിൽ
യൗവനതൃഷ്ണകൾക്കൊക്കെ ഇരിക്കപിണ്ടം വച്ച്
പൊള്ളുന്നവെയിലിലും തളരാതെ, ഭാരവുംപേറി
മുന്നോട്ടാഞ്ഞു നടന്നതും, മകളുടെ
മുഖത്തു വിരിയുന്ന നിറഞ്ഞ ചിരികൾക്കു വേണ്ടിയായിരുന്നു..

കാലമാവാതെ വന്ന വെള്ളിരേഖകൾക്കും
കണ്ണുകൾക്കടിയിലെ  കറുത്ത ഛവിക്കും
സന്ധിവേദനയ്ക്കുമൊന്നും അമ്മയുടെ
പ്രയത്നങ്ങൾക്കു തടയിടാനായില്ല..
ഉള്ളിലപ്പോഴും കരുത്തായിനിന്നത് മകളുടെ
നിറമുള്ള ജീവിതചിത്രങ്ങളായിരുന്നു..

പലവട്ടം ഇടറിയകാലുകൾ വീണ്ടുമുറപ്പിച്ചും
വഴിതെറ്റിയെന്നു തോന്നുമ്പോഴൊക്കെയും
ഒരു പിൻവിളിപോലെ  വന്നു തിരികെ വിളിച്ചും
മകൾക്കു വേണ്ടി വടവൃക്ഷമായമ്മ നിന്നു..

ജീവിതവസന്തങ്ങൾ വിടർന്നുകൊഴിയുന്നത്
നിർനിമേഷയായിനോക്കിന്നിന്ന അമ്മക്കിന്നു
നവമിയുടെ നിറവാണ്..
ചുളിവുകൾ വീണ ആ കൈത്തലം, ഇന്നും മകളുടെ
നിറുകയിൽ വാത്സല്യത്തിന്റെ തലോടലാവുമ്പോൾ..
നിറയുന്നത് മകളുടെ മനസാണ്..
ഈജന്മം ഈശ്വരൻ തന്ന ഏറ്റം വല്യഭാഗ്യം
അമ്മയാണെന്ന തിരിച്ചറിവിൽ.. !!