2013 ഏപ്രിൽ 4, വ്യാഴാഴ്‌ച





ജീവിതം!



തുറക്കാതെ പോയൊരു പഴയ മണ്‍ ചെപ്പിലെ

വിലയറിയാത്ത മുത്തുപോല്‍ ജീവിതം !

കഥകള്‍ മെനയുവാന്‍ മുതിരാത്ത പേനയില്‍

വെറുതേ നിറച്ചൊരു മഷി പോലെ ജീവിതം !

അരുതെന്നു പറയുവാൻ ആളുണ്ട് പുറകിലായ്

ആവുന്നതെത്രയൊ അളന്നിട്ട തട്ടുകൾ!!

ശിഥില മോഹങ്ങളാൽ അടഞ്ഞുപോയ് മാനസച്ചെരുവിൽ

ഒളിപകർന്നൊരാ ചിരാതിൻ വെട്ടവും !!

അറിയാതെ പഥികാ നീ മുന്നോട്ടുനോക്കുകിൽ

കാണായി വരിക പോയകാലത്തിൻ കറുപ്പുമാത്രം !!



2011 മാർച്ച് 19, ശനിയാഴ്‌ച

ഞാന്‍ വിരൂപയോ? വിശുദ്ധയോ?
സ്മൃതിയുടെ വേരറ്റ ഭ്രാന്തിയോ?
വേനലില്‍ വാടാത്ത കള്ളിമുള്‍പ്പൂവോ?


തിളച്ചുമറിയും  അഗാധ ഗര്‍തത്തിലെ..
ഉരുകിയൊലിക്കാന്‍ വെമ്പുന്ന ലാവയായി ...
നക്കിത്തുടക്കാന്‍ നീളുന്ന ജ്വാലയെ,
മാറോട്‌   ചേര്‍ത്തെരിഞ്ഞടങ്ങുന്ന പ്രാണിയായ്..
തപിച്ചു നില്‍ക്കും കരിമേഘക്കൂട്ടില്‍ നിന്നി- 
രച്ചുപെയ്യും വര്‍ഷ ശോകമായി..
ജന്മാന്ദരങള്‍ താണ്ടി ഞാന്‍ നില്‍ക്കുന്നു നിന്‍ മുന്നില്‍,
തിരിച്ചറിഞ്ഞീടുവാന്‍ കഴിഞ്ഞീലയെന്നോ...!!

വലിച്ചെറിഞ്ഞു കൂര്‍ത്ത കരിങ്കല്‍ കഷ്ണങ്ങള്‍ കാലം..
വേദനിച്ചതില്ലവ തീര്‍ത്ത നിണപ്പാടുകള്‍,  നീ ക്രൂരമെന്‍ 
നേര്‍ക്കു ചൊരിഞ്ഞ അവഗണനയാണെന്നറിഞ്ഞിടാത്തോരീ  നാളത്രയും ..

ക്ഷണികമെന്നു ഞാനൂന്നിപ്പറഞ്ഞപ്പോളൊക്കെയും നിത്യമെന്നു  നീ 
ശഠിച്ചസത്യം..
പാതിവഴിയിലെത്തി ശങ്കിച്ചു നില്‍ക്കുന്നു , കാലം 
മായ്ക്കാത്തയോര്‍മ്മയായി  നീ കരുത്താര്‍ജിച്ചീടൂ...

കളഞ്ഞു പോയൊരു മുദ്രമോതിരവുമായിയിനിയുമൊരു 
ഭവദാസന്‍ വരികയില്ല..
ഓര്‍ത്തെടുക്കുക രാജന്‍ നീ നീര്‍ത്തിയ മോഹസാമ്രാജ്യം 
ശാപഗ്രസ്തയാമിവള്‍ക്കേകിയ കടിഞ്ഞൂല്‍ ശപഥം..

പൊയ്പ്പോയ സ്മൃതിയുടെ മുഖ ചിത്രമായി..
പരിഹാസ്യയായി, നിന്ദ്യയായി, നില്‍ക്കുന്നു നിന്മുന്നില്‍ 
ഇനിയും,തിരിച്ചറിഞ്ഞീടുവാന്‍  കഴിഞ്ഞീലയെന്നോ..!!!


2011 ഫെബ്രുവരി 19, ശനിയാഴ്‌ച
















നിശബ്ദമായ വീഥികളിലൊന്നില്‍

നിശീധിനിയുടെ അന്ത്യയാമത്തില്‍

നൂപുരമണിഞ്ഞ രണ്ടുകാല്‍പ്പാദങ്ങള്‍

നീലമേനിയാര്‍ന്നവനെ തേടിയലഞ്ഞു...


വിരഹമായിരുന്നില്ല, ഉള്ളില്‍ കനത്ത മദവുമല്ല..

സ്വയമുരുകിയൊലിക്കും മാനസവുമതിലെ -

രിയുന്നോരഗ്നിയായി ക്രൂരമോരാജ്ഞയും...!


മൃദുലയായിരുന്നു , വാര്‍മ്മുകിലിന്‍ ഭംഗിയാര്‍ന്നോരാള്‍

സ്മേരവദനയായി മനസ്സിന്നിമ്പമേകിയവള്‍..

നിശാധാമിയലുന്ന പുകച്ചുരുളിലകപ്പെട്ടു ,

പാടെ കറുത്ത് , സ്വയമാകെയെരിഞ്ഞവള്‍..!!!...!!!


തേടിനടന്നതേതു കൃഷ്ണ പക്ഷത്തിലെ നക്ഷത്രത്തെ..

നേടിയ ജന്മം ജന്മാന്തര പുണ്യമായിത്തീരാന്‍!

അറിയാതെ വന്നു പതിച്ചോരാ വേപധു,

അരിയോരാ ദര്‍ശനത്തില്‍ മറക്കുവാന്‍..!!!


സ്വയമുരുകാതെ ഉണരുമോ സുഖദമൊരുഗാനം

വിണ്ണില്‍ ഉരുകാതെയുതിരില്ല മഴമേഖത്തുള്ളികള്‍...

മധുരമോരാനന്ദം അമ്പേ! ലഭിക്കുവാന്‍

ഒഴുകേണം ചുടുനിണം ഹൃദയത്തില്‍ നിന്നെന്നോ?!


എങ്കിലും സുഭഗേ നിന്നെ വിലയിച്ച പുണ്യം

ആചന്ദ്രതാരം ഇനിയോരുവള്‍ക്കാശ്ലിതമാണോ..?!



ഈ ലോകനാഥനാ മാറില്‍ വിലാസനായ്

നിന്നിലെ മാതൃത്വമാർത്തു നുകര്‍ന്നപ്പോള്‍

നിന്നാനന്ത മൂര്‍ച്ചയേയറിയാതെ പോയവര്‍,

നിന്നാത്മ നിര്‍വൃതിയറിയാതെ നിന്നെ ശപിച്ചവര്‍,

ഹാ! ദുര്‍ഭകള്‍ അവരെത്ര നിരർഥകൾ !!

2010 സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

വീണ്ടും നിനക്കായി ഞാനെന്‍റെ
മനസ്സിൻറെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു..
നീളുന്നോരി ജീവിത പാതതന്നോരത്
നീ വരുമെന്നോരുള്‍ വിളിയുമായി
ഞാന്‍ കാത്തു നില്‍ക്കുന്നു...
എന്നും ശരറാന്തല്‍ വെളിച്ചത്തില്‍
സ്വപ്‌നങ്ങള്‍ അറ്റ വളപ്പൊട്ട്‌ വച്ച് ഞാന്‍
നീയെന്ന സങ്കല്‍പ്പ ചിത്രത്തെ
വരയ്ക്കാന്‍ ശ്രമിക്കുന്നു...!!
പടിയിറങ്ങി പോയൊരെന്‍ മോഹങ്ങളോക്കെയും
പതുക്കെയകത്തളം കടന്നെത്തിനോക്കുന്നു...!!
പുതിയൊരധ്യായം തുറന്നുവച്ചിന്നു ഞാന്‍
എരിയുന്ന നിലവിളക്കിന്നരികില്‍
നിന്‍റെ വരവും നട്ടിരിക്കുന്നു ...!!
എന്‍റെ പ്രതീക്ഷകള്‍,
എല്ലാം നിന്നിലര്‍പ്പിച്ചിരിക്കുന്നു...!!

2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

ചുവപ്പുനാട കൊണ്ടുകെട്ടിയോരീ സമ്മാനപ്പൊതിക്കുള്ളില്‍....
തകര്‍ന്നു വീണോരെന്‍ ഹൃദയം പിന്നേയും 
നിനക്കായി മിടിച്ചുകൊണ്ടിരിക്കുന്നു..!! 
നോവിന്‍ പാനപാത്രം എനിക്കായി വച്ച് നീ 
കാമനകള്‍ തന്‍ പറുദീസകയറവേ ... 
ഒരുനാള്‍ നാമൊരുമിച്ചു കണ്ടൊരാ സ്വപ്നങ്ങളൊക്കെയും
ഉരുകിയെന്‍ , കവിളിണ മെല്ലെ നനയ്ക്കുന്നു..!! 
അര്‍ഥമില്ലീന്നീ പുലംബലുകള്‍ക്കെന്നെത്രെയും 
വ്യക്തമായി ഞാനറിയുന്നു വെങ്കിലും... 
നഷ്ടപ്പെടലിന്‍റെ വേവില്‍ ലോകതത്ത്വങ്ങളൊക്കെയും എത്ര നിരര്‍ഥകം...!!
മുഗ്ധമാക്കട്ടെ നിന്‍ ലോലഭാവങ്ങളൊക്കെയും കാലം!!
പ്രേയസി.... 
സുന്ദര മായൊരു കാവ്യമയെന്നില്‍ നീ 
അന്നൊരു നാള്‍ വന്നു ചെര്‍ന്നിരുന്നില്ലെങ്കിൽ 
ബന്ധുരമാണ് സ്നേഹബധമെന്നറിയാതെ 
നിന്ദ്യനായി തീര്‍ന്നു പോകുമായിരുന്നു ഞാനെന്നുമേ...!!

2010 ജൂൺ 4, വെള്ളിയാഴ്‌ച

എത്ര ദൂരയാണെന്നാകിലും
ചുറ്റും പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു നീ
കാണുവാന്‍ ഏറെ കൊതി ഉണ്ടെന്നാകിലും
കാണാതിരിക്കലാണത്തിലേറെ സുഖം...

ചുറ്റും ഒളിപോലെ നീ നിറയുംബോഴെന്‍
ഹൃത്തില്‍ നിഗൂഡമൊരു സ്പന്ദനം കേള്‍ക്കുമ്പോള്‍...
വെറുതെയിരിക്കുമ്പോള്‍ ഓര്‍മ്മതന്നോരത്
ഒരു ചെറു പുന്ജിരിയായ് നീയുതിരുമ്പോള്‍...
ഏതോ നിര്‍വൃതി എന്നെ പുണരുന്നു...
പ്രണയമോ ?! വിരഹമോ ?!
ഞാനതിന്‍ സുഖമറിയുന്നു.....

2010 മേയ് 26, ബുധനാഴ്‌ച

ബാല്ല്യമിന്നെങ്ങോ മറഞ്ഞുപോയിട്ടുമെന്‍
മാനസമിന്നും തുടിക്കുന്നു നിന്‍ ഓര്‍മ്മകള്‍ പൂക്കുമ്പോള്‍...
നിറയ്ക്കുന്നീ  ആഷാഡം പ്രിയമോലുമോര്‍മ്മകൾ 
മനതാരിൽ ,കൊതിച്ചുപോകുന്നു 
തിരികെ വന്നെങ്കിലെന്നാ കാലം...

പണ്ടൊരു നാൾ,
മാമരംപെയ്ത നേരത്തു നീയെൻറെ 
ചാരത്തോരോലക്കുടയുമായ് കൂട്ടുവന്നു...
കനിവിന്‍റെ മാമ്പഴം ആദ്യം പെറുക്കി നീ
മധുരമീ സ്നേഹമെന്നോതിതന്നു...
നീ മൂളിയോരീണങ്ങൾ,
ഇന്നെന്‍റെ കാതിലൊരു
പുല്ലാംകുഴൽ വിളിയായിടുമ്പോള്‍..
നെഞ്ചോടു ചേര്‍ക്കുന്നു നീ തന്നോരീ
മഞ്ചാടിമണിക്കൂട്ടിന്‍ ഓര്‍മ്മപോലും!

മാസ്മരികനീർത്തി  നീ പറഞ്ഞൊരാ കഥകളില്‍
കണ്ടു ഞാനാദ്യമായി  കൃഷ്ണ വര്‍ണം...
വിടര്‍ത്തിയിരുന്നു നീയെന്നുമെന്നില്‍ വിസ്മയം
ചുരുങ്ങിയെന്‍ ലോകം നിന്നിലേക്ക്‌ മാത്രം...
പിച്ചവച്ചു ഞാന്‍ നിന്‍റെ കാല്‍വെ പ്പുകള്‍ക്ക്പിന്നാലെ
എന്‍റെ ബാല്യം നീ തന്ന ഭാഗ്യമല്ലേ!!!