2013 മേയ് 7, ചൊവ്വാഴ്ച

ആ കാറ്റുമാക്കുളിരും ആ നേർത്ത സംഗീതവും
അലകളിൽ വിടരും നിൻ പരിഭവവും...
പൗർണ്ണമി തിങ്കളും പാൽനിലാവും, പിന്നെ
പടരുന്ന പ്രണയ പരാഗങ്ങളും...
ആർദ്രമായ്‌ പൂക്കുന്ന നിൻ മന്ദഹാസവും,
ആകെത്തളിർക്കുന്നെന്നനുരാഗവും.....

ഓർമ്മകൾ നേരിൻറെ നനവുകൾ ചാർത്തുമ്പോൾ
ഓമനിക്കുന്നു ഞാനാ പഴയ കാലം... !!

2013 മേയ് 4, ശനിയാഴ്‌ച





                             നീയറിയാൻ.......





നിരാശയുടെ നിഴലുകളെൻറെ എഴുത്തിലിന്നുണ്ടെങ്കിൽ
അതിനു കാരണം നീ മാത്രമാണ്!!
അളകങ്ങൾ കാറ്റിലിളകുമ്പോൾ
ഞാനറിയുന്നത് നിൻറെ തലോടലാണല്ലോ!!
ആകാശ നീലിമയിൽ ഞാൻ കാണുന്നത്
നിൻറെ കണ്ണുകളുടെ തിളക്കവും
അവ എന്നെ നോക്കുമ്പോൾ ഉള്ള കുസൃതിയുമാണ് !!
സ്വപനങ്ങൾ !! 
നിന്നേക്കുറിച്ചാകുമ്പോൾ,
ആ മായക്കാഴ്ച്ചകൾക്ക് ഇനിയും തിരിച്ചറിയാനാവാത്ത
എത്ര എത്ര വർണ്ണങ്ങളാണ്!!
നിദ്രയുടെയലകളിൽ ഞാൻ കേൾക്കുന്നത്
നീയെനിക്കു മൂളിതന്നിരുന്ന താരട്ടുപാട്ടുകളുടെ ഈണങ്ങളല്ലേ !!


നഷടപ്പെടുമ്പോൾ മാത്രം തിരിച്ചറിയപ്പെടുന്ന ഒന്നാണു
സ്നേഹമെന്ന് ഇന്നു ഞാനറിയുന്നു.. 


ഇന്ന് നീ എന്നിൽനിന്നു ഒരുപാടകലെ നിൽക്കുമ്പോൾ,
നിൻറെ ഓർമ്മകൾ പോലും എനിക്കു
ജീവൻറെ ശ്വാസമാകുന്നു!!


അകന്നു പോയിടാൻ കാരണങ്ങളേറെ, എങ്കിലോ
തിരികേവരാൻ, തിരിച്ചുവിളിക്കാൻ ഇതിലേറെ മറ്റൊരു
കാരണവുമിനി ഇല്ലെനിക്ക്...



2013 ഏപ്രിൽ 4, വ്യാഴാഴ്‌ച





ജീവിതം!



തുറക്കാതെ പോയൊരു പഴയ മണ്‍ ചെപ്പിലെ

വിലയറിയാത്ത മുത്തുപോല്‍ ജീവിതം !

കഥകള്‍ മെനയുവാന്‍ മുതിരാത്ത പേനയില്‍

വെറുതേ നിറച്ചൊരു മഷി പോലെ ജീവിതം !

അരുതെന്നു പറയുവാൻ ആളുണ്ട് പുറകിലായ്

ആവുന്നതെത്രയൊ അളന്നിട്ട തട്ടുകൾ!!

ശിഥില മോഹങ്ങളാൽ അടഞ്ഞുപോയ് മാനസച്ചെരുവിൽ

ഒളിപകർന്നൊരാ ചിരാതിൻ വെട്ടവും !!

അറിയാതെ പഥികാ നീ മുന്നോട്ടുനോക്കുകിൽ

കാണായി വരിക പോയകാലത്തിൻ കറുപ്പുമാത്രം !!



2011 മാർച്ച് 19, ശനിയാഴ്‌ച

ഞാന്‍ വിരൂപയോ? വിശുദ്ധയോ?
സ്മൃതിയുടെ വേരറ്റ ഭ്രാന്തിയോ?
വേനലില്‍ വാടാത്ത കള്ളിമുള്‍പ്പൂവോ?


തിളച്ചുമറിയും  അഗാധ ഗര്‍തത്തിലെ..
ഉരുകിയൊലിക്കാന്‍ വെമ്പുന്ന ലാവയായി ...
നക്കിത്തുടക്കാന്‍ നീളുന്ന ജ്വാലയെ,
മാറോട്‌   ചേര്‍ത്തെരിഞ്ഞടങ്ങുന്ന പ്രാണിയായ്..
തപിച്ചു നില്‍ക്കും കരിമേഘക്കൂട്ടില്‍ നിന്നി- 
രച്ചുപെയ്യും വര്‍ഷ ശോകമായി..
ജന്മാന്ദരങള്‍ താണ്ടി ഞാന്‍ നില്‍ക്കുന്നു നിന്‍ മുന്നില്‍,
തിരിച്ചറിഞ്ഞീടുവാന്‍ കഴിഞ്ഞീലയെന്നോ...!!

വലിച്ചെറിഞ്ഞു കൂര്‍ത്ത കരിങ്കല്‍ കഷ്ണങ്ങള്‍ കാലം..
വേദനിച്ചതില്ലവ തീര്‍ത്ത നിണപ്പാടുകള്‍,  നീ ക്രൂരമെന്‍ 
നേര്‍ക്കു ചൊരിഞ്ഞ അവഗണനയാണെന്നറിഞ്ഞിടാത്തോരീ  നാളത്രയും ..

ക്ഷണികമെന്നു ഞാനൂന്നിപ്പറഞ്ഞപ്പോളൊക്കെയും നിത്യമെന്നു  നീ 
ശഠിച്ചസത്യം..
പാതിവഴിയിലെത്തി ശങ്കിച്ചു നില്‍ക്കുന്നു , കാലം 
മായ്ക്കാത്തയോര്‍മ്മയായി  നീ കരുത്താര്‍ജിച്ചീടൂ...

കളഞ്ഞു പോയൊരു മുദ്രമോതിരവുമായിയിനിയുമൊരു 
ഭവദാസന്‍ വരികയില്ല..
ഓര്‍ത്തെടുക്കുക രാജന്‍ നീ നീര്‍ത്തിയ മോഹസാമ്രാജ്യം 
ശാപഗ്രസ്തയാമിവള്‍ക്കേകിയ കടിഞ്ഞൂല്‍ ശപഥം..

പൊയ്പ്പോയ സ്മൃതിയുടെ മുഖ ചിത്രമായി..
പരിഹാസ്യയായി, നിന്ദ്യയായി, നില്‍ക്കുന്നു നിന്മുന്നില്‍ 
ഇനിയും,തിരിച്ചറിഞ്ഞീടുവാന്‍  കഴിഞ്ഞീലയെന്നോ..!!!


2011 ഫെബ്രുവരി 19, ശനിയാഴ്‌ച
















നിശബ്ദമായ വീഥികളിലൊന്നില്‍

നിശീധിനിയുടെ അന്ത്യയാമത്തില്‍

നൂപുരമണിഞ്ഞ രണ്ടുകാല്‍പ്പാദങ്ങള്‍

നീലമേനിയാര്‍ന്നവനെ തേടിയലഞ്ഞു...


വിരഹമായിരുന്നില്ല, ഉള്ളില്‍ കനത്ത മദവുമല്ല..

സ്വയമുരുകിയൊലിക്കും മാനസവുമതിലെ -

രിയുന്നോരഗ്നിയായി ക്രൂരമോരാജ്ഞയും...!


മൃദുലയായിരുന്നു , വാര്‍മ്മുകിലിന്‍ ഭംഗിയാര്‍ന്നോരാള്‍

സ്മേരവദനയായി മനസ്സിന്നിമ്പമേകിയവള്‍..

നിശാധാമിയലുന്ന പുകച്ചുരുളിലകപ്പെട്ടു ,

പാടെ കറുത്ത് , സ്വയമാകെയെരിഞ്ഞവള്‍..!!!...!!!


തേടിനടന്നതേതു കൃഷ്ണ പക്ഷത്തിലെ നക്ഷത്രത്തെ..

നേടിയ ജന്മം ജന്മാന്തര പുണ്യമായിത്തീരാന്‍!

അറിയാതെ വന്നു പതിച്ചോരാ വേപധു,

അരിയോരാ ദര്‍ശനത്തില്‍ മറക്കുവാന്‍..!!!


സ്വയമുരുകാതെ ഉണരുമോ സുഖദമൊരുഗാനം

വിണ്ണില്‍ ഉരുകാതെയുതിരില്ല മഴമേഖത്തുള്ളികള്‍...

മധുരമോരാനന്ദം അമ്പേ! ലഭിക്കുവാന്‍

ഒഴുകേണം ചുടുനിണം ഹൃദയത്തില്‍ നിന്നെന്നോ?!


എങ്കിലും സുഭഗേ നിന്നെ വിലയിച്ച പുണ്യം

ആചന്ദ്രതാരം ഇനിയോരുവള്‍ക്കാശ്ലിതമാണോ..?!



ഈ ലോകനാഥനാ മാറില്‍ വിലാസനായ്

നിന്നിലെ മാതൃത്വമാർത്തു നുകര്‍ന്നപ്പോള്‍

നിന്നാനന്ത മൂര്‍ച്ചയേയറിയാതെ പോയവര്‍,

നിന്നാത്മ നിര്‍വൃതിയറിയാതെ നിന്നെ ശപിച്ചവര്‍,

ഹാ! ദുര്‍ഭകള്‍ അവരെത്ര നിരർഥകൾ !!

2010 സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

വീണ്ടും നിനക്കായി ഞാനെന്‍റെ
മനസ്സിൻറെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു..
നീളുന്നോരി ജീവിത പാതതന്നോരത്
നീ വരുമെന്നോരുള്‍ വിളിയുമായി
ഞാന്‍ കാത്തു നില്‍ക്കുന്നു...
എന്നും ശരറാന്തല്‍ വെളിച്ചത്തില്‍
സ്വപ്‌നങ്ങള്‍ അറ്റ വളപ്പൊട്ട്‌ വച്ച് ഞാന്‍
നീയെന്ന സങ്കല്‍പ്പ ചിത്രത്തെ
വരയ്ക്കാന്‍ ശ്രമിക്കുന്നു...!!
പടിയിറങ്ങി പോയൊരെന്‍ മോഹങ്ങളോക്കെയും
പതുക്കെയകത്തളം കടന്നെത്തിനോക്കുന്നു...!!
പുതിയൊരധ്യായം തുറന്നുവച്ചിന്നു ഞാന്‍
എരിയുന്ന നിലവിളക്കിന്നരികില്‍
നിന്‍റെ വരവും നട്ടിരിക്കുന്നു ...!!
എന്‍റെ പ്രതീക്ഷകള്‍,
എല്ലാം നിന്നിലര്‍പ്പിച്ചിരിക്കുന്നു...!!

2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

ചുവപ്പുനാട കൊണ്ടുകെട്ടിയോരീ സമ്മാനപ്പൊതിക്കുള്ളില്‍....
തകര്‍ന്നു വീണോരെന്‍ ഹൃദയം പിന്നേയും 
നിനക്കായി മിടിച്ചുകൊണ്ടിരിക്കുന്നു..!! 
നോവിന്‍ പാനപാത്രം എനിക്കായി വച്ച് നീ 
കാമനകള്‍ തന്‍ പറുദീസകയറവേ ... 
ഒരുനാള്‍ നാമൊരുമിച്ചു കണ്ടൊരാ സ്വപ്നങ്ങളൊക്കെയും
ഉരുകിയെന്‍ , കവിളിണ മെല്ലെ നനയ്ക്കുന്നു..!! 
അര്‍ഥമില്ലീന്നീ പുലംബലുകള്‍ക്കെന്നെത്രെയും 
വ്യക്തമായി ഞാനറിയുന്നു വെങ്കിലും... 
നഷ്ടപ്പെടലിന്‍റെ വേവില്‍ ലോകതത്ത്വങ്ങളൊക്കെയും എത്ര നിരര്‍ഥകം...!!
മുഗ്ധമാക്കട്ടെ നിന്‍ ലോലഭാവങ്ങളൊക്കെയും കാലം!!
പ്രേയസി.... 
സുന്ദര മായൊരു കാവ്യമയെന്നില്‍ നീ 
അന്നൊരു നാള്‍ വന്നു ചെര്‍ന്നിരുന്നില്ലെങ്കിൽ 
ബന്ധുരമാണ് സ്നേഹബധമെന്നറിയാതെ 
നിന്ദ്യനായി തീര്‍ന്നു പോകുമായിരുന്നു ഞാനെന്നുമേ...!!