2014, ജൂൺ 1, ഞായറാഴ്‌ച



ഈ അനന്തതയുടെ
ഏതോ കോണിലിരുന്നെന്നെ
നോക്കിച്ചിരിക്കുന്ന ദൈവമേ..
എനിക്ക് വേണ്ടി മാത്രമായി 
ഒരു പുലരിയെങ്കിലും
നീ വരച്ചു ചേർക്കുമോ!
എൻറെ സ്വപ്നങ്ങളുടെ ശലഭച്ചിറകുകൾക്കു
പറന്നുയരുവാൻ വേണ്ടി
ഒരു വിഹായസ്സു
മെനഞ്ഞു നൽകുമോ!
എൻറെ പ്രണയം പറഞ്ഞു തീർക്കുവാനൊരു
വസന്തം കൂടി വിരിയിക്കുമോ!
എൻറെ കൂടെ നടക്കുവാൻ,
ഒരിക്കലെങ്കിലും.....!!
എന്നെ അറിയുവാൻ,
നീയറിഞ്ഞോ അറിയാതെയോ
ഞാൻ നിറച്ചു വച്ച
നൊമ്പരങ്ങളുടെ ആഴങ്ങളിലേക്ക്
നോക്കുവാൻ,
വിറയ്ക്കുന്ന കൈവിരലുകളിൽ
നിൻറെ വിരൽ കോർക്കുവാൻ
തളർച്ചയുടെ ഭാരം താങ്ങി
നിൻറെ തോളോട് ചേർക്കുവാൻ,
ഒരു മാത്ര നേരത്തേക്കെങ്കിലും
എൻറെ അരികത്തുവരുമൊ!
നിൻറെ ചിരിക്കുന്ന കണ്ണുകളിലെൻറെ
മുഖമലിയുമ്പോൾ
എന്നെയും കൂടി നീ
നിത്യതയിലേക്ക്
കൂട്ടുമോ!
ദൂരെ മറഞ്ഞിരുന്നെന്നെ നോക്കി
ചിരിക്കുന്ന ദൈവമേ
ഇങ്ങരികത്ത് വന്നെനിക്കു
കൂട്ടായിരിക്കുമോ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ