ലയനം !!
ഇനി ഞാനുമുറങ്ങട്ടെ...
നോവുകൾക്കു താരാട്ടുപാടി
താളം മുറിഞ്ഞ നിദ്രകൾക്കു
തർപ്പണമേകി ..
രാത്രിയുടെ വൈകൃതങ്ങൾക്ക്
നിണമിറ്റിച്ചു ബലി നൽകി
ഇന്നലെപ്പിറന്ന പിഞ്ചുപൈതലിൻ
സ്വാസ്ഥ്യം കടംകൊണ്ട്..
ഇനി ഞാനുമുറങ്ങട്ടെ സ്വച്ഛമായി..!!
ഉള്ളിലൊരു കുരുന്നുണ്ട,
തിനിപ്പോഴുമറിയില്ല
ബാല്യമൊരു പൂമ്പാറ്റയേപ്പോൽ
പറന്നു പോയെന്ന സത്യം !
വെള്ളിടി വെട്ടിയൊരുനേരത്തതെന്നും
തിരയുന്നു കണ്ണുപൊത്താനമ്മയുടെ
നേര്യതിനറ്റം!!
ദൂരേക്ക് മാഞ്ഞുപോയൊരു ചിത്രമെങ്കിലും
അച്ഛനെയോരത്തതു വെറുതെ കൊതിപ്പൂ..!!
ഇന്നാ കുരുന്നിന്നു കൂട്ടായി
ഞാനുമീനിദ്രയും
ഒന്നായലിയട്ടെ..
ഇന്നുകളെൻറെ പാപങ്ങളെ പേർത്തു
ക്രൂശിൽ തറയ്‌ക്കുമ്പോൾ,
ഞാനുമാ പൈതലും,
കിനാവിൻറെ കൊമ്പത്തെ
ഊഞ്ഞാലിലാടിടും!!
ഞാൻ കണ്ട പൂക്കാലമൊന്നായി
വിരിഞ്ഞപ്പോൾ
ഞങ്ങൾക്കു ചുറ്റും
സുഗന്ധം പരത്തിടും!!
ഇനി, ഞാനുമുറങ്ങട്ടെ സ്വച്ഛമായി
ആ പിഞ്ചുപൈതലിൻ സ്വാസ്ഥ്യം കടം കൊണ്ട്... !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ