2013 നവംബർ 1, വെള്ളിയാഴ്‌ച

                                 എന്റെ പ്രണയമേ..!!!




പ്രണയമേ നിന്നെപ്പിരിഞ്ഞു ഞാനെത്രനാൾ
മരുവിൽക്കഴിച്ചു!!
പൊടിക്കാറ്റേറ്റു തളർന്നു!!
വരണ്ട തൊണ്ടയും,
കരയുന്ന നെഞ്ചുമായി
വഴിവക്കിലൊക്കെയും 
അടിതെറ്റിവീണൂ..!

ദൂരെ നിതാന്ത സത്യമെന്നു 
കരുതി ഞാനെത്ര,
മരുപച്ചകൾക്കു പുറകേ പാഞ്ഞു..!

വ്യർഥ വിചാരങ്ങളിൽ തട്ടിയെൻ 
ഊനത,മുന്നിലൊരു  
മണ്‍കൂന  കൂട്ടവേ..
ദിക്കറിയാതൻറെ പ്രണയമേ 
നിന്നെ തിരഞ്ഞു 
ഞാനെത്ര കാതങ്ങളലഞ്ഞു..!!

ഉള്ളിലേ മോഹം പിഴുതെറിഞ്ഞു 
ഞാനാ പൊള്ളുന്ന മണ്ണിൽ 
മുഖം ചേർത്ത് വിങ്ങവേ..
ചാലിട്ടു നിൻറെ 
കനിവെൻറെ ചുണ്ടിലൊരു
നേർത്ത നനവായി 
ജീവൻറെ ദാഹമായി..!!

ചുറ്റും വിജനത വിശാലമൊരു
മതിൽക്കെട്ടു തീർക്കവെ
നേർത്ത കഴൽ ശബ്ദം പോലും 
പ്രിയതരമായിത്തീരവേ..
ഒപ്പിയെടുതെൻറെ വരണ്ട ചുണ്ടുകൾ
നീയാം പ്രച്ഛന്നവേഷക്കാരൻ 
നീട്ടിയ ഉപ്പുകല്ലുകൾ പോലും !!

2013 മേയ് 31, വെള്ളിയാഴ്‌ച

അവൾ!


വഴിയരുകിലെ കാൽവിളക്കിൻറെ
മങ്ങിയ വെട്ടത്തിലവളിരുന്നു...
മുന്നിലേ നീണ്ടയിരുട്ടുപാത, ഒരുക്ഷണം
ജീവിതം തന്നെയാണെന്നുതോന്നി..
തോളത്തു തൂങ്ങുന്ന തുണിസഞ്ചിയിൽ
നോവുണ്ട്, മുഷിഞ്ഞ കുപ്പായമുണ്ട്...
ഓർമ്മയുറച്ച കാലംമുതൽ ജീവിത
കൂട്ടായിതീർന്ന കണ്ണീർക്കഥകളുണ്ട്!!
ചുണ്ടിൽ ചിരിയുമായ് വന്നോരെല്ലാം
ചൂണ്ടലിൽ കോർത്ത നിണപ്പാടുമുണ്ട്...

ആകെച്ചുരുങ്ങിയോരാകാശത്തിലി
ന്നമ്പിളിയില്ല വെണ്‍താരമില്ല..
പാടെ കറുപ്പാർന്നു നിൽക്കയാണീ
ആകാശവും വിമ്മുമതിന്റെ നെഞ്ചും
വരണ്ടുണങ്ങിക്കരിഞ്ഞിരുന്നവളിലെ
വിചാരവികാര സങ്കൽപ്പമെല്ലാം...

ഇനിയൊന്നു മിഴിപൊട്ടിയൊഴുകുവാനുള്ളിലെ
യിരക്കുന്ന ഗംഗയെ ജടക്കുള്ളിൽ വഹിക്കുവാൻ
പുരുഷാർധങ്ങൾ നാലുംഭേദിച്ചു മോക്ഷതിലെത്തുവാൻ
തപം ചെയ്യുന്ന ശക്തിയായുണർന്നെണീക്കാൻ...
ഒരുകൈത്തിരിനാളതിന്നു കാത്തുനിൽക്കെ..
പൊട്ടിയൊലിക്കും തെരുവിന്റെ കാമ-
മവളുടെ പട്ടിണിക്കോലത്തിനും വിലപറഞ്ഞു

2013 മേയ് 7, ചൊവ്വാഴ്ച

ആ കാറ്റുമാക്കുളിരും ആ നേർത്ത സംഗീതവും
അലകളിൽ വിടരും നിൻ പരിഭവവും...
പൗർണ്ണമി തിങ്കളും പാൽനിലാവും, പിന്നെ
പടരുന്ന പ്രണയ പരാഗങ്ങളും...
ആർദ്രമായ്‌ പൂക്കുന്ന നിൻ മന്ദഹാസവും,
ആകെത്തളിർക്കുന്നെന്നനുരാഗവും.....

ഓർമ്മകൾ നേരിൻറെ നനവുകൾ ചാർത്തുമ്പോൾ
ഓമനിക്കുന്നു ഞാനാ പഴയ കാലം... !!

2013 മേയ് 4, ശനിയാഴ്‌ച





                             നീയറിയാൻ.......





നിരാശയുടെ നിഴലുകളെൻറെ എഴുത്തിലിന്നുണ്ടെങ്കിൽ
അതിനു കാരണം നീ മാത്രമാണ്!!
അളകങ്ങൾ കാറ്റിലിളകുമ്പോൾ
ഞാനറിയുന്നത് നിൻറെ തലോടലാണല്ലോ!!
ആകാശ നീലിമയിൽ ഞാൻ കാണുന്നത്
നിൻറെ കണ്ണുകളുടെ തിളക്കവും
അവ എന്നെ നോക്കുമ്പോൾ ഉള്ള കുസൃതിയുമാണ് !!
സ്വപനങ്ങൾ !! 
നിന്നേക്കുറിച്ചാകുമ്പോൾ,
ആ മായക്കാഴ്ച്ചകൾക്ക് ഇനിയും തിരിച്ചറിയാനാവാത്ത
എത്ര എത്ര വർണ്ണങ്ങളാണ്!!
നിദ്രയുടെയലകളിൽ ഞാൻ കേൾക്കുന്നത്
നീയെനിക്കു മൂളിതന്നിരുന്ന താരട്ടുപാട്ടുകളുടെ ഈണങ്ങളല്ലേ !!


നഷടപ്പെടുമ്പോൾ മാത്രം തിരിച്ചറിയപ്പെടുന്ന ഒന്നാണു
സ്നേഹമെന്ന് ഇന്നു ഞാനറിയുന്നു.. 


ഇന്ന് നീ എന്നിൽനിന്നു ഒരുപാടകലെ നിൽക്കുമ്പോൾ,
നിൻറെ ഓർമ്മകൾ പോലും എനിക്കു
ജീവൻറെ ശ്വാസമാകുന്നു!!


അകന്നു പോയിടാൻ കാരണങ്ങളേറെ, എങ്കിലോ
തിരികേവരാൻ, തിരിച്ചുവിളിക്കാൻ ഇതിലേറെ മറ്റൊരു
കാരണവുമിനി ഇല്ലെനിക്ക്...



2013 ഏപ്രിൽ 4, വ്യാഴാഴ്‌ച





ജീവിതം!



തുറക്കാതെ പോയൊരു പഴയ മണ്‍ ചെപ്പിലെ

വിലയറിയാത്ത മുത്തുപോല്‍ ജീവിതം !

കഥകള്‍ മെനയുവാന്‍ മുതിരാത്ത പേനയില്‍

വെറുതേ നിറച്ചൊരു മഷി പോലെ ജീവിതം !

അരുതെന്നു പറയുവാൻ ആളുണ്ട് പുറകിലായ്

ആവുന്നതെത്രയൊ അളന്നിട്ട തട്ടുകൾ!!

ശിഥില മോഹങ്ങളാൽ അടഞ്ഞുപോയ് മാനസച്ചെരുവിൽ

ഒളിപകർന്നൊരാ ചിരാതിൻ വെട്ടവും !!

അറിയാതെ പഥികാ നീ മുന്നോട്ടുനോക്കുകിൽ

കാണായി വരിക പോയകാലത്തിൻ കറുപ്പുമാത്രം !!



2011 മാർച്ച് 19, ശനിയാഴ്‌ച

ഞാന്‍ വിരൂപയോ? വിശുദ്ധയോ?
സ്മൃതിയുടെ വേരറ്റ ഭ്രാന്തിയോ?
വേനലില്‍ വാടാത്ത കള്ളിമുള്‍പ്പൂവോ?


തിളച്ചുമറിയും  അഗാധ ഗര്‍തത്തിലെ..
ഉരുകിയൊലിക്കാന്‍ വെമ്പുന്ന ലാവയായി ...
നക്കിത്തുടക്കാന്‍ നീളുന്ന ജ്വാലയെ,
മാറോട്‌   ചേര്‍ത്തെരിഞ്ഞടങ്ങുന്ന പ്രാണിയായ്..
തപിച്ചു നില്‍ക്കും കരിമേഘക്കൂട്ടില്‍ നിന്നി- 
രച്ചുപെയ്യും വര്‍ഷ ശോകമായി..
ജന്മാന്ദരങള്‍ താണ്ടി ഞാന്‍ നില്‍ക്കുന്നു നിന്‍ മുന്നില്‍,
തിരിച്ചറിഞ്ഞീടുവാന്‍ കഴിഞ്ഞീലയെന്നോ...!!

വലിച്ചെറിഞ്ഞു കൂര്‍ത്ത കരിങ്കല്‍ കഷ്ണങ്ങള്‍ കാലം..
വേദനിച്ചതില്ലവ തീര്‍ത്ത നിണപ്പാടുകള്‍,  നീ ക്രൂരമെന്‍ 
നേര്‍ക്കു ചൊരിഞ്ഞ അവഗണനയാണെന്നറിഞ്ഞിടാത്തോരീ  നാളത്രയും ..

ക്ഷണികമെന്നു ഞാനൂന്നിപ്പറഞ്ഞപ്പോളൊക്കെയും നിത്യമെന്നു  നീ 
ശഠിച്ചസത്യം..
പാതിവഴിയിലെത്തി ശങ്കിച്ചു നില്‍ക്കുന്നു , കാലം 
മായ്ക്കാത്തയോര്‍മ്മയായി  നീ കരുത്താര്‍ജിച്ചീടൂ...

കളഞ്ഞു പോയൊരു മുദ്രമോതിരവുമായിയിനിയുമൊരു 
ഭവദാസന്‍ വരികയില്ല..
ഓര്‍ത്തെടുക്കുക രാജന്‍ നീ നീര്‍ത്തിയ മോഹസാമ്രാജ്യം 
ശാപഗ്രസ്തയാമിവള്‍ക്കേകിയ കടിഞ്ഞൂല്‍ ശപഥം..

പൊയ്പ്പോയ സ്മൃതിയുടെ മുഖ ചിത്രമായി..
പരിഹാസ്യയായി, നിന്ദ്യയായി, നില്‍ക്കുന്നു നിന്മുന്നില്‍ 
ഇനിയും,തിരിച്ചറിഞ്ഞീടുവാന്‍  കഴിഞ്ഞീലയെന്നോ..!!!


2011 ഫെബ്രുവരി 19, ശനിയാഴ്‌ച
















നിശബ്ദമായ വീഥികളിലൊന്നില്‍

നിശീധിനിയുടെ അന്ത്യയാമത്തില്‍

നൂപുരമണിഞ്ഞ രണ്ടുകാല്‍പ്പാദങ്ങള്‍

നീലമേനിയാര്‍ന്നവനെ തേടിയലഞ്ഞു...


വിരഹമായിരുന്നില്ല, ഉള്ളില്‍ കനത്ത മദവുമല്ല..

സ്വയമുരുകിയൊലിക്കും മാനസവുമതിലെ -

രിയുന്നോരഗ്നിയായി ക്രൂരമോരാജ്ഞയും...!


മൃദുലയായിരുന്നു , വാര്‍മ്മുകിലിന്‍ ഭംഗിയാര്‍ന്നോരാള്‍

സ്മേരവദനയായി മനസ്സിന്നിമ്പമേകിയവള്‍..

നിശാധാമിയലുന്ന പുകച്ചുരുളിലകപ്പെട്ടു ,

പാടെ കറുത്ത് , സ്വയമാകെയെരിഞ്ഞവള്‍..!!!...!!!


തേടിനടന്നതേതു കൃഷ്ണ പക്ഷത്തിലെ നക്ഷത്രത്തെ..

നേടിയ ജന്മം ജന്മാന്തര പുണ്യമായിത്തീരാന്‍!

അറിയാതെ വന്നു പതിച്ചോരാ വേപധു,

അരിയോരാ ദര്‍ശനത്തില്‍ മറക്കുവാന്‍..!!!


സ്വയമുരുകാതെ ഉണരുമോ സുഖദമൊരുഗാനം

വിണ്ണില്‍ ഉരുകാതെയുതിരില്ല മഴമേഖത്തുള്ളികള്‍...

മധുരമോരാനന്ദം അമ്പേ! ലഭിക്കുവാന്‍

ഒഴുകേണം ചുടുനിണം ഹൃദയത്തില്‍ നിന്നെന്നോ?!


എങ്കിലും സുഭഗേ നിന്നെ വിലയിച്ച പുണ്യം

ആചന്ദ്രതാരം ഇനിയോരുവള്‍ക്കാശ്ലിതമാണോ..?!



ഈ ലോകനാഥനാ മാറില്‍ വിലാസനായ്

നിന്നിലെ മാതൃത്വമാർത്തു നുകര്‍ന്നപ്പോള്‍

നിന്നാനന്ത മൂര്‍ച്ചയേയറിയാതെ പോയവര്‍,

നിന്നാത്മ നിര്‍വൃതിയറിയാതെ നിന്നെ ശപിച്ചവര്‍,

ഹാ! ദുര്‍ഭകള്‍ അവരെത്ര നിരർഥകൾ !!