2014, ജൂൺ 4, ബുധനാഴ്‌ച

പ്രഹേളിക !

കണ്ടുകണ്ടുള്ളം തെളിഞ്ഞു
വന്നപ്പോളുൾ
നീരു വറ്റിക്കരിഞ്ഞ
കണ്‍കുഴിയിലിന്നുമു-
പ്പുകല്ലായി കിടക്കുന്നു ദുഃഖം

ചിരിനീട്ടി വരച്ചിട്ടും 
കണ്ണാടിയായ് മുഖം
മറയിട്ടതൊക്കേയും 
തെളിയിച്ചുകാട്ടവേ
ഇനിയൊരുവട്ടം 
കൂടിത്തിരഞ്ഞുനോക്കട്ടെയെ-
ന്നറിയാതെ ചിത്തം
ശാഠ്യം പിടിക്കുന്നു

നഗ്നമാക്കപ്പെടുന്ന വികാരങ്ങളിലൂടെ
സത്യമെന്നെ 
പല്ലിളിച്ചു കാട്ടുമ്പോൾ
ചുറ്റും പടർന്നുകയറിയ 
നിർവികാര
പ്പടർക്കൊടികൾക്കിടയിലൂടൊരു
വറ്റാത്ത മോഹത്തിൻ 
പൂങ്കുല മലരുന്നു!!

എത്രനാളെത്രനാൾ !!
ഞാനീ കുളിർച്ചോലക്കിപ്പുറം 
നിന്നെത്തി  നോക്കീടുന്നു
ഒന്നുചെന്നാക്കുളിരിൽ
നനയുവാൻ
കനൽതാങ്ങുമുരുവിനെ
വരളുന്ന തൃഷ്ണയെ
പിടയുന്ന പ്രാണനെ
അതിരാത്രം ചെയ്തു
ബ്രഹ്മമെന്തെന്നറിയുവാൻ

തുടികൊട്ടി തുകിൽ കെട്ടി
വൈരാഗ്യബുദ്ധിക്കു
തിരിനാട്ടി
കൂടുപേക്ഷിച്ചു ഞാൻ
കാടായകാടൊക്കെ
യലഞ്ഞിട്ടുമാ
കാട്ടുചോലക്കുളിർ 
മാത്രമറിഞ്ഞില്ല!!
കണ്ടില്ല, 
കാട്ടിലെതേവരെയും
വൃഥാ, കൊതിച്ചതേവീഥിയിൽ
നോക്കി നിൽക്കുന്നു പിന്നെയും !

നിനവുകളൊക്കെ തെറ്റി
പഴം പാട്ടിലും 
പതിരുകൾ തേടി
പഴികൾ പലതിലും ചാർത്തി
ഇന്നും തിരയുന്നു 
ഞാനെൻറെ
വഴികളിൽ, 
വിചാരങ്ങളിലാ-
കിനാപ്പൂങ്കുലകളെ !

2014, ജൂൺ 1, ഞായറാഴ്‌ച



ഈ അനന്തതയുടെ
ഏതോ കോണിലിരുന്നെന്നെ
നോക്കിച്ചിരിക്കുന്ന ദൈവമേ..
എനിക്ക് വേണ്ടി മാത്രമായി 
ഒരു പുലരിയെങ്കിലും
നീ വരച്ചു ചേർക്കുമോ!
എൻറെ സ്വപ്നങ്ങളുടെ ശലഭച്ചിറകുകൾക്കു
പറന്നുയരുവാൻ വേണ്ടി
ഒരു വിഹായസ്സു
മെനഞ്ഞു നൽകുമോ!
എൻറെ പ്രണയം പറഞ്ഞു തീർക്കുവാനൊരു
വസന്തം കൂടി വിരിയിക്കുമോ!
എൻറെ കൂടെ നടക്കുവാൻ,
ഒരിക്കലെങ്കിലും.....!!
എന്നെ അറിയുവാൻ,
നീയറിഞ്ഞോ അറിയാതെയോ
ഞാൻ നിറച്ചു വച്ച
നൊമ്പരങ്ങളുടെ ആഴങ്ങളിലേക്ക്
നോക്കുവാൻ,
വിറയ്ക്കുന്ന കൈവിരലുകളിൽ
നിൻറെ വിരൽ കോർക്കുവാൻ
തളർച്ചയുടെ ഭാരം താങ്ങി
നിൻറെ തോളോട് ചേർക്കുവാൻ,
ഒരു മാത്ര നേരത്തേക്കെങ്കിലും
എൻറെ അരികത്തുവരുമൊ!
നിൻറെ ചിരിക്കുന്ന കണ്ണുകളിലെൻറെ
മുഖമലിയുമ്പോൾ
എന്നെയും കൂടി നീ
നിത്യതയിലേക്ക്
കൂട്ടുമോ!
ദൂരെ മറഞ്ഞിരുന്നെന്നെ നോക്കി
ചിരിക്കുന്ന ദൈവമേ
ഇങ്ങരികത്ത് വന്നെനിക്കു
കൂട്ടായിരിക്കുമോ!!