2014 ഏപ്രിൽ 27, ഞായറാഴ്‌ച



പ്രഭാപൂരമൊരു ചില്ലുജാലകമീ
കറുത്ത ചട്ടക്കുള്ളിലെ മറശീല
പതുക്കെയൊന്നു വിരലമർത്തിയാൽ
കാണുക, നിറപ്പകിട്ടാർന്നൊരു മായാവേദിക

അനുഭൂദികൾ വിരലുകളുടെ ചലനത്തിൽ
അപരിമിതമായി മുന്നിൽ നിറയുമ്പോൾ
അകലുന്നു, ദൃശ്യ വിഷയത്തിനോവിൽ
സിദ്ധ സർഗ്ഗചൈതന്യ ശക്തികൾ!!

പ്രണയമില്ല ആര്‍ദ്രതകളില്ല
കരുണയില്ല സഹവർത്തിത്ത്വമില്ല
ജിജ്ഞാസകളില്ല ധിഷണാവിലാസങ്ങളില്ല
വരണ്ടുപോയി നവോത്ഥാനങ്ങളും
പ്രബോധനങ്ങളും!!

ശുഷ്ക ചിന്തകൾ പ്രവണതകളായി
ലോകംചുരുങ്ങിയൊരു വൃത്തമായി
നല്ലതുകളും നന്മകളും പുസ്തക താളുകളിലായി
അമ്പേ!! നാമെല്ലാം പുരോഗമനവാദികളായി !!

ചിന്തകൾക്കു മീതെ പറക്കുന്ന ചെമ്പരുന്തേ
ഇന്നത്തെയന്തിയും കഴിഞ്ഞുവെന്നാശ്വസിക്കാൻ
ഇനിയിവിടെ പ്രദോഷങ്ങളില്ല!!

2014 ഏപ്രിൽ 19, ശനിയാഴ്‌ച

അന്നൊരു കൌതുകം മാത്രമായിരുന്നു
ചേമ്പിലത്താളിൽ മുഖമൊളിപ്പിക്കുന്ന നീർത്തുള്ളി
ഇന്നെൻറെ ഓർമ്മത്താളുകളിൽ നീ മുഖംപൊത്തുമ്പോൾ
അറിയുന്നു ഞാനുമാ നൊമ്പരം..!!

ഒന്നു തൊടാതെ തൊട്ടുനിൻ നെടുശ്വാസമെന്നെ
നേർത്തൊരു വാസനയിലാഴ്ത്തുമ്പോൾ
വിടർന്നു വിലാസവതിയായ പൂവിനെപ്പിരിയുന്ന
തെന്നലിൻ ഗദ്ഗദമറിയുന്നു ഞാൻ.. !!

ഇന്നൊരു വിഷുപ്പുലരിയിൽ, കണിക്കൊന്നകൾ
വാടിയുതിർന്നു വീഴുമ്പോൾ..
ഒരു നിറകണിയായി നീയടുത്തില്ലാതെയിരിക്കുമ്പോൾ
അറിയുന്നു ഞാനുടഞ്ഞു പോയൊരു കൃഷ്ണ
വിഗ്രഹത്തിൻറെ തൃഷ്ണയും!!

2014 ഏപ്രിൽ 18, വെള്ളിയാഴ്‌ച





വാക്കുകൾക്ക് വറുതി മൂർഛിച്ച ചിത്തത്തിൽ
വഴക്കമില്ലാത്ത ചിന്തകൾ പിടക്കുന്നു
പകർന്നെടുക്കുവാനൊരു തൂലിക തേടി ഞാൻ
പലനാളുകളായി പരതി നടക്കുന്നു..

വിചിത്രമാണ് ചില നേരത്തു കാണുകിൽ
ചിരിക്കുവാൻ പോലും മടിക്കുന്ന ശീലങ്ങൾ
വിരിയിച്ചിടില്ലൊരു സുഖവുമതുപക്ഷേ,
പിരിച്ചെടുക്കുവാനകാത്ത വേരുകൾ.

കപടമാണാ കുതറിനോട്ടങ്ങളെങ്കിലും
ചടുല വേഗത്തിലാകും മിടിപ്പുകൾ
ത്വരിതനിശ്വാസത്തിൻറെ താളത്തിൽ
മുങ്ങിനിവരുമ്പോൾ
അകലെമായുന്നനിർണ്ണിത ശേലുകൾ

പതിതനായി ശോകമുരുകി കഴിയുമ്പോൾ
സരഭസം വന്നുതിരുന്നനാരതം..
പരിഭവിക്കുവാൻ കഴിയുവതെങ്ങിനെ
ഹൃദയഹാരികളല്ലേയീ ചഞ്ചലാക്ഷികൾ !!

2014 ഏപ്രിൽ 4, വെള്ളിയാഴ്‌ച


വരൂ നമുക്കൊരു യാത്രപോകാം...



വരൂ നമുക്കൊരു യാത്രപോകാം...
പിണങ്ങിയകന്നു നിന്ന കൈവിരലുകൾ
പരസ്പ്പരം കോർത്തുകൊണ്ട്,
പറയുവാനാകാതെപോയ വരികൾക്ക്
നേർത്തയൊരീണം മൂളിക്കൊണ്ട്..
കാണാൻ കൊതിച്ച പലതുകളിലേയ്ക്കു
ചെറു മന്ദഹാസം  പൊഴിച്ചുകൊണ്ട്‌..
വരൂ നമുക്കിന്നൊരു യാത്ര പോകാം..

അകലെയൊരു പുഴ മഴക്കുഞ്ഞുങ്ങളേയും നോക്കിയിരിക്കയാവാം
അതിനടുത്തായിട്ടുനിൽക്കുന്നോരാൽമരം
പഴയ കിളിക്കൊഞ്ചലുകളോർക്കയാവാം
ദൂരെയന്തിമേഘങ്ങളൊരു സിന്ദൂരപ്പൊട്ടിനെ മായ്ക്കയാവാം..
ഇനിയുമകലെയെവിടെയോ, അറിയാത്ത ശിൽപ്പികൾ
പ്രണയകാവ്യങ്ങൾ ശിലകളിൽ ചമക്കയാവാം..
നമുക്കൊരുമിച്ചു കാണുവാനിനിയുമെന്തൊക്കെയോ,
കാലമൊരു ഘടികാര സൂചിയിൽ തിരിക്കയാവാം..

വരൂ, കടംകഥകൾ പറഞ്ഞു നമ്മെ രസിപ്പിച്ച
പഴയ കൽപ്പടവുകളിൽ ചെന്നിരിക്കാം..
നിനവുകളിൽ  നിന്നിറങ്ങി നാം
നിമിഷങ്ങളെ തൊട്ടറിഞ്ഞീടുമ്പോൾ
ഹൃദയധമനികൾ മീട്ടിയ സുഖദസംഗീതം
ഞാൻ പകർന്നു നൽകാം..
കുണുങ്ങിയൊഴുകുന്ന ഓളങ്ങളെ
നിലാവിൻറെ കൈകൾ പുണരുന്നനേരം
അഴിച്ചുമാറ്റാമീയഹന്തയുടെ ചേല,
മനസ്സുകൾ നഗ്നമായ്പകർന്നാടിടട്ടെ  !!




പ്രണയം- അറിഞ്ഞനാൾത്തൊട്ടു അദ്ഭുതവും ആരാധനയും വൈകാരികതയുമൊക്കെ ഉള്ളിൽ വളർത്തിയ പദം. കനലാണെന്നറിഞ്ഞിട്ടും കയ്യിലെടുത്തു.. പൊള്ളുമെന്നറിഞ്ഞിട്ടും ചുണ്ടുകളമർത്തി, അന്തരാളങ്ങൾ പോലും കത്തിയെരിഞ്ഞിട്ടും തല്ലികെടുത്തുവാൻ തോന്നാത്ത ഉന്മാദിയെ ഞാനെന്ന  സത്തയിലേക്ക് ഉരുക്കിയൊഴിച്ച പ്രണോദനം.
വേദനകൾക്കിടയിലൂടെ  പുഞ്ചിരിക്കാനും, മുറിവുകൾ നീറ്റുമ്പോഴും സ്വയം മറന്നാടുവാനും...ഏകാന്തതകളിൽ ചിറകുവിരിച്ചു വിരഹ ശൈലങ്ങൾ തേടിപ്പറക്കുവാനും, ഒരു ഗാന ശലകത്തിൽ  സ്വയമലിഞ്ഞു തീരാനും
കാറ്റലകളിൽ ഒരു തലോടൽ തേടാനും വർണ്ണപൊട്ടുകൾ ചേർത്തുവച്ചു സങ്കല്പ്പസൃഷ്ടികൾ ചമയ്ക്കുവാനും  ഉരുവാക്കിയ
ചേതോവികാരം.. അതീന്ദ്രിയമായതൊക്കെയും ഇന്ദ്രീയാനുഭൂതിയിലേക്ക് ചേർത്തുവച്ച ദിവ്യപ്രഭാവം...!!
പ്രണയം, അനന്തമായ അനുഭൂതികളുടെ  അതിപ്രസരം !!

2014 ഏപ്രിൽ 2, ബുധനാഴ്‌ച


പിറവി


ഒരു ചെറിയ അസ്വാസ്ഥ്യം മുളപൊട്ടി, യുള്ളിലത് 
പതിയെ അനങ്ങിത്തുടങ്ങി
പിന്നെ എരിപിരി സഞ്ചാരമായി,
പ്രിയതരമെങ്കിലും, നീറ്റലുകൾ നോവുകൾ 
ഓർമ്മയിൽ തികട്ടി വന്നു..
പുതിയതുകളൊന്നിനേയും സ്വാംശീകരിക്കാതെ 
വേരുകൾ മെല്ലെ പടർത്തി,
നിമിഷങ്ങൾ കൊണ്ടു വളർന്നു..
വിരലുകൾ വിറയാർന്നു നിന്നു..
ദീർഘമൊരുച്ഛ്വാസവായുവിന്നടവേളയിൽ 
സ്വേതകണങ്ങളിരുചെന്നിയിലൂടടർന്നു വീണു..
ചുറ്റും നിറയുന്ന മഷിപ്പൊട്ടുകളെ, നോക്കി 
ചെറ്റൊന്നാശ്വാസം കൊണ്ടു..
പേറ്റുനോവറിഞ്ഞോരു കവിഹൃദയത്തി-
നീറ്റില്ലത്തിലപ്പോളൊരു കാവ്യ ഭംഗി പിറന്നു!!

2014 ഏപ്രിൽ 1, ചൊവ്വാഴ്ച



ഒരു നോവിൻറെ ഒടുക്കം, എൻറെ
ചേതനയറ്റ ശരീരത്തെ താങ്ങി നീ
നാമൊരുമിച്ചു  നട്ടൊരാ മാവിൻറെ
വെട്ടിയ നെഞ്ചത്തെന്നെ ചേർത്ത് കിടത്തണം..
ഒരു ബാഷ്പ്പകണത്താൽ തർപ്പണം നൽകി
കനലുകൾ മാത്രം ബാക്കിയാക്കി,
അകലെയൊരു  മേഘച്ചുരുളായി ,
മൃതിയാം പ്രഹേളികക്കുത്തരം തേടുവാൻ
എൻറെ ദേഹിക്കു നീ വിടുത്തൽ തന്നീടണം..

പിന്നെയും ശമിക്കാത്ത ദാഹമോഹങ്ങൾ
വീണ്ടുമെന്നേയൊരു പിറവിക്കൊരുക്കുകിൽ
അന്നുമെന്നത്മാവിൻ ശിഖരങ്ങളിൽ, നീയൊരു
വണ്ണാത്തി പക്ഷിയായി പുള്ളുകൾ പാടണം..!

ഇനിയൊരുപക്ഷേ,
ഇഹലോകമുക്തിക്കു നിൻറെ
നെഞ്ചിലിടറുന്ന നാദ പ്രണവങ്ങ
ളെന്നെയൊരു, നേർത്തമഞ്ഞലയു
ടെയപ്പുറം നിർത്തുകി-ലന്നോരോ
നീർമഞ്ഞു തുള്ളിയിലുമെൻറെ
യാത്മാവു നിൻറെ സ്മൃതിയെ  പുണർന്നിടും!!