2021, ജൂൺ 23, ബുധനാഴ്‌ച

വരണ്ട മണ്ണുപോലെ
വിള്ളലാണ്ട മനസ്സിന്നൊരു 
ചാറ്റൽമഴക്കായി കേഴുന്നു!
മിഴിതരാതെ സമയം
ഝടുതിയിൽ  പോയ്മറയുന്നു!
പൂട്ടിയിട്ട ഓടാമ്പലുകൾ 
തുറക്കാൻ പാടേ മറന്നിരിക്കുന്നു!
എഴുതുവാനെടുത്ത തൂലിക 
മഷി മാത്രം ശർദ്ധിച്ചു,
വിവശയായി കിടക്കുന്നു!
കരിനീല നിറമാർന്ന താളുകൾ,
പോയനാളുകളേയോർത്തു തേങ്ങുന്നു!
കണ്ടുമറന്ന മുഖങ്ങളെ കാലം
ചില്ലിട്ട ചിത്രങ്ങളായി മച്ചിൽ തൂക്കുന്നു!
ജീവിക്കുകയാണോയെന്നു ശങ്കതോന്നിക്കും -
വിധം നിശബ്ദമാണെങ്ങും! 
ഉറക്കെ ചിരിക്കുന്നവർപോലും,
അർത്ഥമില്ലാത്ത നിഴൽചിത്രങ്ങൾപോലെ..
കല്ലറയിലടക്കപ്പെട്ട ആത്മാക്കളുടെ, 
തേങ്ങലുകൾ മാത്രമിപ്പോഴും,
ഉറക്കമില്ലാത്ത രാവുകളിൽ,
കൂട്ടുകൂടാനെത്തുന്നു!

2021, ജൂൺ 7, തിങ്കളാഴ്‌ച

മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് നാം..
ഒരിക്കലും പ്രതീക്ഷിക്കാത്ത, 
സ്നേഹിച്ചിരുന്നിരുന്നോയെ-
ന്നാശങ്കപ്പെടാത്ത,
പ്രണയ പരിഭവങ്ങളില്ലാത്ത,
ഏതോ ജന്മാന്തരത്തിന്റെ ശേഷിപ്പുകാർ..! 
ഒരിക്കൽപ്പോലും പരസ്പരം കണ്ടിട്ടില്ലാത്ത,
ശരീരമുള്ള അരൂപികൾ! 
കണ്ണോടുകണ്ണുചേർന്നിരുന്നിട്ടില്ല,
കൈകൾകോർത്ത് നടന്നിട്ടില്ല,
എങ്കിലും, എവിടെയോയിരുന്നു 
നീയെഴുതുന്നയോരോ വരിയും,
ആത്മാവിലേക്ക് പെയ്തിറങ്ങുമ്പോൾ,
വീണ്ടും പനിനീർപ്പൂവായ് വിരിയുന്നവൾ..ഞാൻ! 
നിന്‍റെ ഇന്നുകളുടെ വിരൽപ്പാടുകളിലെ-
യോരോ കുഞ്ഞു മുറിപ്പാടിലും, മഞ്ഞുകണമായിയുതിരാൻ കൊതിച്ചവൾ! 
ഇന്നലെകളില്ലാതെ.., ഈ മഞ്ഞലകളിൽ, 
നിന്നേത്തിരയുന്നവൾ! 


-മീര