2017, ജനുവരി 22, ഞായറാഴ്‌ച

മരണമിന്നൊരു മൗനരാഗമായി
മധുരം പകർന്നെൻ കരം പിടിച്ചീടുകിൽ
മറക്കാതിരിക്കുമോ നീ
പ്രാണനായകഃ
ഹൃദയം പിടഞ്ഞു നീർകണമായി പൊഴിയുന്നൊരാ നിമിഷങ്ങളെന്നും..
പ്രണയം നിറച്ചു  നാമൊരുമിച്ച വഴികളിൽ
മറവിക്കുമുമ്പേയൊന്നെത്തിനോക്കി നീ
ഇലകൾ പൊഴിച്ചു 
വിരഹമറിയിച്ചു നിൽക്കുന്ന
ഇലഞ്ഞിയുടെ ചോട്ടി-
ലന്നിളം ചൂടേറ്റു വാടിയ വെളുത്ത ഓർമ്മകക്കൊരവസാന ചുംബനമാകുമോ
പിന്നെ, ഇനിയെന്നുകാണുമെന്നറിയാത്ത കടംകഥക്കൊരുത്തരമായി
വരുംജന്മത്തിലെന്നു വിടചൊല്ലി നടന്നകലുമ്പോഴും
ഒരുക്ഷണമെന്റെ പിൻവിളക്കു വേണ്ടിനീ
വെറുതെ, വെറുതേ മോഹിക്കുമോ..
പ്രണയമാണെനിക്കീ പുഴയോടും പുലരികളോടുമെങ്കിലും,
നീയില്ലാത്തയീ വീഥിയും ഭൂമിയും
നിശ്ശൂന്യമെന്നു നീ പറയുകിലൊരുവേള,
നാളെഞാനില്ലെങ്കിലാനാളേക്കഴിഞ്ഞു
പടരുമൊരു നേർത്തൊയലപോലെയാ-
രാവിൽ ഞാനുമെൻ കിനാക്കളും
നിനക്കുകൂട്ടായി!

നീണ്ടു നീണ്ടൊരു വഴിയാണതിനു പറ്റെ
ഞൊറിഞ്ഞുടുത്ത പോലെ കാറ്റാടി മരങ്ങളും..
കടും തവിട്ടു ഭംഗിയിൽ ചരലിട്ട മുറ്റവും
ദൂരെ ഒരുപൊട്ടുപോലെ ഒരു കുഞ്ഞുവീടും.
കൊതിയൂറിവരും പോലെ കായ്ച്ച  നീർചാമ്പ മരവും,
ഓളങ്ങളിൽ മുഖംചേർത്തൊരു  ഇലഞ്ഞിയും കവുങ്ങും.
നിറഞ്ഞ പുലരികളും,
ചക്കരകാപ്പിയുടെ മധുരവും,
കണ്ണാടി കിണറും
പാതിയിൽ മറന്ന ഉമിക്കരി വെളുപ്പും
സിരകളിൽ പൊതിയും പുഴയുടെ തണുപ്പും.
നിരയെണ്ണിയ വരമ്പും,
നിഴലായി നടന്ന കൂട്ടരും കുറുമ്പും,
മാമ്പഴ പുളിയിൽ മറന്ന നീറ്റലും നീറും..
ചുവന്ന സന്ധ്യയും നിലവിളക്കിന്റ ശോഭയും
ഇടമുറിഞ്ഞൊരീണമായി
സന്ധ്യാ നാമവും.
ചുട്ടപപ്പടവും കണ്ണിമാങ്ങാചമ്മന്തിയും
നെയ്യൂട്ടി തന്ന കഥയും കിനാക്കളും,
കൈതപ്പായയിലുറങ്ങിയ കുഞ്ഞു ശാഠ്യങ്ങളും..
പാട്ടുമറന്നൊരു കുയിലും
കൂകികുറുകിയ ബാല്യവും..
വെള്ളപ്പൊക്കത്തിലൊഴുകിയ
ചങ്ങാടക്കൊതിയും..
പെയ്തുതോർന്ന മഴയും
ഇലകൾ പെയ്യുന്ന രാവും
നനവു മറാതെ,
ഈയോർമ്മയും ഞാനും  !

2017, ജനുവരി 14, ശനിയാഴ്‌ച

ജനുവരിയുടെ വിഷാദമാണ് നീ എനിക്കെപ്പോഴും..
പുതുവർഷപ്പുലരികളിൽ നേർത്തമഞ്ഞലകൾ ഉടലിനെ പൊതിയുമ്പോൾ..
പാടാതെപോയ ഒരു പാട്ടിന്‍റെ
നോവുമായി നീയെന്നുമെൻ
കവിളിലൊരു നീരരുവിയായുതിരുന്നു..
ചെറുവിരൽ തുമ്പുപിടിച്ചെന്റെ
കൂടെ നടക്കുവാൻ നിൽക്കാതെ പോയിനീ
എന്നറിഞ്ഞനാളെപ്പോഴോ..
മരവിപ്പുകൾ ഞാൻ നെഞ്ചകത്തേറ്റി..
വിഷുവും സംക്രാന്തിയും നിന്നെ കൂടാതെ കടന്നു പോയപ്പോഴും..
ഓർമ്മക്കീറിൽ നീ നിണമായൊഴുകി..
മകരവിളക്കിന്റെ നിറവിലമ്മ തൊഴുതപ്പോഴുണ്ടായ വരമമായിരുന്നു നീ ഉണ്ണി..
അമ്മയ്ക്ക് തുണയാകേണ്ടവൻ നീയയായിരുന്നു..
ഒരു ചിരിമാത്രം ബാക്കിവച്ചു നീപോകെ
ഇന്നെനിക്കീ വരണ്ട പാടങ്ങളും  വേനൽക്കുളങ്ങളും..പിന്നെ 
ഒറ്റയ്ക്ക് താണ്ടിയ ദൂരങ്ങളും മാത്രം ബാക്കി...!