2014, മേയ് 22, വ്യാഴാഴ്‌ച



ലയനം !!


ഇനി ഞാനുമുറങ്ങട്ടെ...
നോവുകൾക്കു താരാട്ടുപാടി
താളം മുറിഞ്ഞ നിദ്രകൾക്കു
തർപ്പണമേകി ..
രാത്രിയുടെ വൈകൃതങ്ങൾക്ക്
നിണമിറ്റിച്ചു ബലി നൽകി
ഇന്നലെപ്പിറന്ന പിഞ്ചുപൈതലിൻ
സ്വാസ്ഥ്യം കടംകൊണ്ട്..
ഇനി ഞാനുമുറങ്ങട്ടെ സ്വച്ഛമായി..!!


ഉള്ളിലൊരു കുരുന്നുണ്ട,
തിനിപ്പോഴുമറിയില്ല
ബാല്യമൊരു പൂമ്പാറ്റയേപ്പോൽ
പറന്നു പോയെന്ന സത്യം !
വെള്ളിടി വെട്ടിയൊരുനേരത്തതെന്നും
തിരയുന്നു കണ്ണുപൊത്താനമ്മയുടെ
നേര്യതിനറ്റം!!
ദൂരേക്ക്‌ മാഞ്ഞുപോയൊരു ചിത്രമെങ്കിലും
അച്ഛനെയോരത്തതു വെറുതെ കൊതിപ്പൂ..!!

ഇന്നാ കുരുന്നിന്നു കൂട്ടായി
ഞാനുമീനിദ്രയും
ഒന്നായലിയട്ടെ..
ഇന്നുകളെൻറെ പാപങ്ങളെ പേർത്തു
ക്രൂശിൽ തറയ്‌ക്കുമ്പോൾ,
ഞാനുമാ പൈതലും,
കിനാവിൻറെ കൊമ്പത്തെ
ഊഞ്ഞാലിലാടിടും!!
ഞാൻ കണ്ട പൂക്കാലമൊന്നായി
വിരിഞ്ഞപ്പോൾ
ഞങ്ങൾക്കു ചുറ്റും
സുഗന്ധം പരത്തിടും!!

ഇനി, ഞാനുമുറങ്ങട്ടെ സ്വച്ഛമായി
ആ പിഞ്ചുപൈതലിൻ സ്വാസ്ഥ്യം കടം കൊണ്ട്... !!

2014, മേയ് 21, ബുധനാഴ്‌ച



എൻറെ മൗനങ്ങളിൽ കൂടൊരുക്കി
നിൻറെ ഓർമ്മക്കുരുവികൾ ചിറകുരുമ്മി
നിദ്രതൻ ചുള്ളികൾ വളച്ചൊതുക്കി
മനസ്സിനെ ജീവനോഷ്ണത്തിൽ
അടയിരുത്തി,
ഒരിക്കലെൻ
സ്വപ്‌നങ്ങൾക്കെല്ലാം നീ പിറവിയേകി!!
പകലുകൾ മെല്ലെ ചികഞ്ഞു നോക്കി
വിരഹത്തിൻ വിരകളെ ഭോജ്യമാക്കി
എൻറെ മോഹങ്ങൾക്കു നീ തുടിപ്പുനൽകി..
ചിറകുകൾ മുളച്ചവ പറന്ന നേരം
ചക്രവാളമരികെയെന്നു കൊതിച്ചനേരം
വിധിയുടെ കൂർത്ത കരാള സ്പർശം
ചിറകറുത്തവയെ വ്യഥയിലെറിഞ്ഞു..
പിന്നെയും നാളുകൾ കടന്നുപോയി
നിറം വാർന്നവയും വരണ്ടുപോയി
എങ്കിലുമിന്നും..
നിന്നോർമ്മകൾ കുറുകിടുമ്പോൾ
എൻറെ സ്വപ്‌നങ്ങൾ ചിറകറ്റു വിങ്ങിടുന്നു... !!

2014, മേയ് 15, വ്യാഴാഴ്‌ച





ഇനിയുമാ മന്ദാരം പൂത്തില്ല,
മധുരമാം മലർക്കാഴ്ച്ച തന്നതില്ല..!!
അരിയ കിനാക്കൾ തൻ
തേനല്ലി നുകരുവാനിനിയുമാ
മണിശലഭം വന്നതില്ല..!!
നിലാവിൻറെ കംബളം
പുതച്ചുറങ്ങീടുവാൻ
ശയ്യാദളങ്ങൾ വിരിച്ചതില്ല.. !!
ശിശിരങ്ങൾ കുളിർപെയ്ത
രാവിൻറെ മാറിലേക്കൊരു
മഞ്ഞുകണമിറ്റിയുലഞ്ഞതില്ല..!!
ഈറനുടുത്തു കണ്ണുകൾ കൂമ്പിച്ചു
ഒരു ദേവ സാനിധ്യമറിഞ്ഞതില്ല...!!

ഇനിയുമാ മന്ദാരം പൂത്തില്ല,
മിഴികൾക്കു നിറച്ചാർത്തൊരുക്കിയില്ല!! 

2014, മേയ് 11, ഞായറാഴ്‌ച


മതേർസ് ഡേ !!


ഇനിയും പേരുചൊല്ലിവിളിക്കുവാനാവാത്ത
നിരവധി അസ്വാസ്ഥ്യങ്ങൾക്കുള്ളോരേക
മറുമരുന്നാണ്  നീ..
പലപ്പോഴും ഞാൻ മറന്നുപോകുന്നയെൻറെ
അസ്ഥിത്ത്വവും നീ തന്നെ..
എൻറെ മുഖത്തെ വാടലും
എൻറെ കണ്ണിൻറെ നനവും
ഹൃദയം കൊണ്ട് തൊട്ടറിയുന്നവളും
നീ മാത്രമാണ്..
എങ്കിലും,
എന്തിനൊക്കെയോ വേണ്ടി
ഞാനിപ്പോഴും വേദനിപ്പിക്കുന്നതും
നിന്നെ തന്നെയാണ് !!
ആരോഹണങ്ങളിലും
അവരോഹണങ്ങളിലും
എന്നിൽ ഇഴുകിച്ചേർന്നിരിക്കുന്ന
സ്വരനിദാനമെ,
അമ്മേ,
നിന്നിലേക്കൊരു തിരിച്ചുപോക്കിനീ-
യൊരു ദിനം കടംകൊള്ളട്ടെ  ഞാൻ !!

2014, മേയ് 8, വ്യാഴാഴ്‌ച

ഇന്നുമുണ്ട് മനസ്സിൽ പൂമ്പാറ്റകൾക്കു പുറകെ
പായുന്നൊരു ഇളം മനസ്സ്,
എന്നാൽ പറന്നുപോകുന്ന നിറങ്ങളെ നോക്കിയത്
തേങ്ങാറില്ല, വാശിപ്പിടിക്കാറില്ല..
വളർന്നുപോയ ചിന്തകൾ പഠിപ്പിച്ചുതന്നിരിക്കുന്നു
അകന്നു മാറുന്നതിലുള്ള ആനന്ദം!

ഇപ്പോളുമുണ്ട്, ഇരുവശവും മെടഞ്ഞിട്ട മുടിയിൽ
പൂചൂടിനടന്നയാ കൌമാരക്കാരി,
എങ്കിലും പൊട്ടിയ കുപ്പിവളച്ചില്ലുകൾ  അവൾ കൂട്ടിവയ്ക്കാറില്ല
പക്വതയുടെ വേരുകളിൽ തട്ടിവീണപ്പോൾ
ഒക്കെയും തെറിച്ചു പോയതിൽ പിന്നെ.

ഹൃദയം പ്രണയസൗരഭമാർന്നയാ വസന്തകാലം മാത്രം
എവിടെയാണ് മറഞ്ഞു പോയത് !!
ചിലപ്പോൾ,
ദുഃഖങ്ങൾ നിർത്താതെപെയ്ത മഴയത്ത്
ചോർന്നൊലിച്ച സ്നേഹബന്ധങ്ങളെ തിരഞ്ഞ-
തിപ്പോഴും അലഞ്ഞു നടക്കയാവാം!!