2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

രാഗിണീ, ഇതളടർന്ന
ചെമ്പനീർപ്പൂവിൽ തുളുമ്പും
ഹിമകണം പൊലെനിൻ
മിഴിക്കോണിൽ നിറയുന്ന
വ്യഥക്കെന്തുപേരിടട്ടെ ഞാൻ!
വെയിലിൻറെ മഞ്ഞനിറമൊട്ടിനിന്ന
നിൻ കവിളിണകൾ,
രാവിൻറെ കുളിരിലും
ചുടുനിശ്വാസത്തിൽക്കുതിർന്നു നനയവേ
ആമൂര്‍ധപാദമൊരർദ്ധനാരീശ്വര
സങ്കല്പ്പവിഗ്രഹം
നെടുകെ പിളർന്നുപോയിരിക്കാം..!
വേപധു വ്യർധമെന്നോതി
ഇളം തെന്നൽ
ചുമലിലൂടോഴുകിയിറങ്ങിയ
നിൻ കബരീഭാരത്തെ
മെല്ലെത്തലോടിയകലവേ,
തിങ്ങിയ
ഓർമ്മച്ചുരുളുകളിൽ മുങ്ങി
സ്വയമറിയാതെ
നിൻറെ ചുണ്ടുകളോ,
ചെറുമന്ദഹാസം  പൊഴിച്ചിരിക്കാം..!
വർഷങ്ങൾ യുഗ്മഗീതങ്ങൾ
പാടാതെ പോകവേ
നേർത്ത ഞൊറികളിൽ
കാലമൊരിദ്രജാലക്കാരൻറെ
പാടവം കാട്ടി,നിൻറെ
ഒർമ്മയ്ക്കു മറകെട്ടി
നല്കയും ചെയ്തിടാം..!!
അന്നുമൊരുപക്ഷേ , അറിയാത്ത
ഏതോവിഷാദം കനത്തു
നിൻറെ കണ്‍കോണിലപ്പോഴും
ഒരു ഹിമകണം പോൽ തുളുമ്പി നിന്നിടാം..!!
എൻറെ നിനവിലും നീ നിറഞ്ഞു നിന്നിടാം..!!!

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

ഔപചാരികതയുടെ മൂടുപടമില്ലാതെ
കപടമായ സ്നേഹപരിലാളനകളില്ലാതെ
ആത്മാർഥതയുടെ സ്പർശനമേറ്റ
വിമർശനങ്ങളിലൂടെയും വിലയിരുത്തലുകളിലൂടെയും
വളർച്ചയുടെ പടികൾ നടന്നുകയറാൻ
താങ്ങും തണലുമായി നിന്ന സുഹൃത്തേ
നിനക്കീ ജന്മദിനത്തിൽ  എന്റെ
ഹൃദയത്തിന്റെ ഉൾക്കാമ്പിൽ നിന്നും
സ്നേഹത്തിൽ ചാലിച്ച ഒരായിരം മംഗളാശംസകൾ !!

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച



വിദൂരതയിലൊരു നീർച്ചാലുപോലെ..
വിമൂകമൊരു തപസ്സിന്റെ വെള്ളി രേഖപോലെ..
ഇടയ്ക്കൊന്നു ശങ്കിച്ചും, പതുക്കെയൊന്നാഞ്ഞും,
തടുത്തു നിർതുന്നൊരു ശിലാ ശൈലങ്ങളെ,
നനുത്ത സ്പർശങ്ങളാൽ പരിരംഭണം ചെയ്തും..
തീരങ്ങളിൽ തപം ചെയ്യുന്ന പുരുഷാർഥങ്ങൾതൻ
പുണ്യപാപങ്ങൾ പേറിയും..
ദുഃഖങ്ങൾക്കെല്ലാം അറുതിവരുത്തുന്ന ശക്തിയായി
സ്വയം പരിണമിച്ചും..
ഭാഗീരഥി, നീ സ്ത്രീത്വത്തിൻ പരമോന്നത-
സതതത്തിലുപവിഷ്ടയായി...!!

2014, ഫെബ്രുവരി 10, തിങ്കളാഴ്‌ച

വിലാപങ്ങൾ 


സത്യമെന്നു നിനച്ച മൂല്യങ്ങളെല്ലാം
മിഥ്യയെന്നു ജീവിതമോതി പഠിപ്പിക്കുമ്പോൾ
നഷ്ടമാകുന്നു സ്വപ്‌നങ്ങൾ പൊലുമവ
രക്തപുഷ്പ്പങ്ങളായി ബലിക്കല്ലിലരഞ്ഞിടുന്നു..
വിഡ്ഢിവേഷങ്ങളാടി നാം ജീവിത ശുക്ലപക്ഷങ്ങളെ
കാത്തു നിന്നിടും നേരം
അന്ധകാരം വന്നു കണ്ണുകൾ മൂടുന്നു
പങ്കിടാനാവാത്ത ദുഃഖം വമിക്കുന്നു..

പിറവിതൻ വേദന അമ്മയെക്കാളേറ്റം
പിണ്ഡംമായിരുന്ന  ദേഹി അനുഭവിക്കും നേരം
നേർത്തനൂലുപോൽ നീളുമാ പൊക്കിൾ കൊടിയിലൂടാത്മ
ബന്ധത്തിൻ ആദ്യപടിയറ്റിടും നേരം
വിങ്ങി പൊട്ടിക്കരയുവാനല്ലാതെ പൈതലിനെന്തറിയാം !

പറഞ്ഞു പഠിപ്പിച്ച പാഠങ്ങൾ കേട്ടുനാം
പലവഴികളിലൂടായി ചരിച്ചപ്പോഴും
പഴകിടാത്തോരമ്മിഞ്ഞപ്പാലിന്റെ
മാധുര്യം നന്മകളൂട്ടി തന്നിരുന്നു..

മറക്കാതിരിക്കണം, നമ്മളോതിപ്പഠിച്ച പഴം പാട്ടുകൾ
പകർത്തുവാനേറെക്കൊതിച്ചു സൂക്ഷിച്ച
പലരുടെയും ജീവിത ചിത്രങ്ങൾ..
കെട്ടുതഴമ്പിച്ചൊരീ വാക്കുകൾ
ഇന്നേറ്റം പുഛിചുതള്ളുന്ന മൂല്യങ്ങൾ!!

മറന്നുപോയിരുന്നു മന്ദഹാസങ്ങൽ മുന്നിലെ
ഊടുവഴിയിൽച്ചിതറിയ സത്യങ്ങളിൽ
നിറഞ്ഞിരിക്കുന്നു യുക്തിവാദത്തിൻ കരിയിലകൾ
എന്നും പഴമയേ സ്നേഹിച്ച പൂമുഖത്ത്..

മൂല്യങ്ങളെ മൂല്യചുതികളാക്കി തീർക്കുന്ന
പുതിയ സംസ്കാരത്തിന്റെ പൈതലാവാൻ
കഴിയാതെ പോകുന്ന ജന്മങ്ങളെ..
നിങ്ങൾ മാറോടു ചെർത്തതെല്ലാം കറുത്തീയമോ !!!