2014, ജനുവരി 22, ബുധനാഴ്‌ച

നന്ദി!! 


നന്ദി ചൊല്ലിക്കഴിഞ്ഞില്ല ഞാനപ്പോഴേക്കും
നീ നടന്നകന്നുവോ..?!

ആദ്യമായി തമ്മിൽക്കണ്ട നാൾമുതലെനിക്കുനീ
ആർജ്ജവത്തോടു ചെയ്തുതന്ന കാര്യങ്ങൾക്കെല്ലാം
നന്ദിചൊല്ലുവാനുള്ളോരുദ്യമത്തെ തള്ളി
ഇന്നു നീപോയീടുകിൽ ഇനിഞാനെന്തു ചെയ്യവൂ!!

കപടസ്നേഹത്തിനോഴുക്കറിയാതെൻ
കൽപ്പനാ സാമ്രാജ്യത്തിൽ
ഞാൻ വിരാജിച്ചിരുന്നോരാ നാൾ..
അറിയിച്ചുതന്നുനീ ,സ്നേഹിതാ
തകരുന്ന ഹൃദയത്തിൻ നീറ്റലും വിങ്ങലും
സ്വതസിദ്ധമായനിൻ ശൈലികളിൽ!!

അറിവുകളങ്ങിനെ പലതും പകർന്നുനീ
എൻറെ പൊലിയുന്ന പുഞ്ചിരികൾ ഗുരുദക്ഷിണയാക്കി
പോയതിൽപ്പിന്നെ, നാം തമ്മിൽ കാണുന്നതിപ്പോൾ  മാത്രം!!

കാലങ്ങൾ പിന്നെയും ചിറകെട്ടി, മഴപെയ്തു
പുതിയ ചിന്തകൾ നാമ്പുകൾ സജ്ജമായി..
ജീവിതം പുതിയ തീരങ്ങളിലെക്കൂളിയിട്ടെങ്കിലും,
നീതന്ന പാഠങ്ങൾ അന്നുമിന്നും ഞാനെൻറെ
നേരുരച്ചുനോക്കുന്ന  അനുഭോഗമാക്കി!

ഇന്നതിശയം നീർത്തി നീ മുന്നിലവതരിക്കെ,
ഇത്രവേഗം  മുഖംതാരാതോടുകിൽ, സ്നേഹിതാ
എങ്ങിനെ ഞാനിതിനൊക്കെ നന്ദിയോതും!!