2013, മേയ് 31, വെള്ളിയാഴ്‌ച

അവൾ!


വഴിയരുകിലെ കാൽവിളക്കിൻറെ
മങ്ങിയ വെട്ടത്തിലവളിരുന്നു...
മുന്നിലേ നീണ്ടയിരുട്ടുപാത, ഒരുക്ഷണം
ജീവിതം തന്നെയാണെന്നുതോന്നി..
തോളത്തു തൂങ്ങുന്ന തുണിസഞ്ചിയിൽ
നോവുണ്ട്, മുഷിഞ്ഞ കുപ്പായമുണ്ട്...
ഓർമ്മയുറച്ച കാലംമുതൽ ജീവിത
കൂട്ടായിതീർന്ന കണ്ണീർക്കഥകളുണ്ട്!!
ചുണ്ടിൽ ചിരിയുമായ് വന്നോരെല്ലാം
ചൂണ്ടലിൽ കോർത്ത നിണപ്പാടുമുണ്ട്...

ആകെച്ചുരുങ്ങിയോരാകാശത്തിലി
ന്നമ്പിളിയില്ല വെണ്‍താരമില്ല..
പാടെ കറുപ്പാർന്നു നിൽക്കയാണീ
ആകാശവും വിമ്മുമതിന്റെ നെഞ്ചും
വരണ്ടുണങ്ങിക്കരിഞ്ഞിരുന്നവളിലെ
വിചാരവികാര സങ്കൽപ്പമെല്ലാം...

ഇനിയൊന്നു മിഴിപൊട്ടിയൊഴുകുവാനുള്ളിലെ
യിരക്കുന്ന ഗംഗയെ ജടക്കുള്ളിൽ വഹിക്കുവാൻ
പുരുഷാർധങ്ങൾ നാലുംഭേദിച്ചു മോക്ഷതിലെത്തുവാൻ
തപം ചെയ്യുന്ന ശക്തിയായുണർന്നെണീക്കാൻ...
ഒരുകൈത്തിരിനാളതിന്നു കാത്തുനിൽക്കെ..
പൊട്ടിയൊലിക്കും തെരുവിന്റെ കാമ-
മവളുടെ പട്ടിണിക്കോലത്തിനും വിലപറഞ്ഞു

2013, മേയ് 7, ചൊവ്വാഴ്ച

ആ കാറ്റുമാക്കുളിരും ആ നേർത്ത സംഗീതവും
അലകളിൽ വിടരും നിൻ പരിഭവവും...
പൗർണ്ണമി തിങ്കളും പാൽനിലാവും, പിന്നെ
പടരുന്ന പ്രണയ പരാഗങ്ങളും...
ആർദ്രമായ്‌ പൂക്കുന്ന നിൻ മന്ദഹാസവും,
ആകെത്തളിർക്കുന്നെന്നനുരാഗവും.....

ഓർമ്മകൾ നേരിൻറെ നനവുകൾ ചാർത്തുമ്പോൾ
ഓമനിക്കുന്നു ഞാനാ പഴയ കാലം... !!

2013, മേയ് 4, ശനിയാഴ്‌ച





                             നീയറിയാൻ.......





നിരാശയുടെ നിഴലുകളെൻറെ എഴുത്തിലിന്നുണ്ടെങ്കിൽ
അതിനു കാരണം നീ മാത്രമാണ്!!
അളകങ്ങൾ കാറ്റിലിളകുമ്പോൾ
ഞാനറിയുന്നത് നിൻറെ തലോടലാണല്ലോ!!
ആകാശ നീലിമയിൽ ഞാൻ കാണുന്നത്
നിൻറെ കണ്ണുകളുടെ തിളക്കവും
അവ എന്നെ നോക്കുമ്പോൾ ഉള്ള കുസൃതിയുമാണ് !!
സ്വപനങ്ങൾ !! 
നിന്നേക്കുറിച്ചാകുമ്പോൾ,
ആ മായക്കാഴ്ച്ചകൾക്ക് ഇനിയും തിരിച്ചറിയാനാവാത്ത
എത്ര എത്ര വർണ്ണങ്ങളാണ്!!
നിദ്രയുടെയലകളിൽ ഞാൻ കേൾക്കുന്നത്
നീയെനിക്കു മൂളിതന്നിരുന്ന താരട്ടുപാട്ടുകളുടെ ഈണങ്ങളല്ലേ !!


നഷടപ്പെടുമ്പോൾ മാത്രം തിരിച്ചറിയപ്പെടുന്ന ഒന്നാണു
സ്നേഹമെന്ന് ഇന്നു ഞാനറിയുന്നു.. 


ഇന്ന് നീ എന്നിൽനിന്നു ഒരുപാടകലെ നിൽക്കുമ്പോൾ,
നിൻറെ ഓർമ്മകൾ പോലും എനിക്കു
ജീവൻറെ ശ്വാസമാകുന്നു!!


അകന്നു പോയിടാൻ കാരണങ്ങളേറെ, എങ്കിലോ
തിരികേവരാൻ, തിരിച്ചുവിളിക്കാൻ ഇതിലേറെ മറ്റൊരു
കാരണവുമിനി ഇല്ലെനിക്ക്...